നിര്‍മാണം പൂര്‍ത്തിയായി; റോഡ് തകര്‍ന്നു തുടങ്ങി

മണ്ണാര്‍ക്കാട്: ചേറുംകുളം തത്തേങ്ങലം റോഡ് തകര്‍ച്ചയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. 2.95കോടി ചെലവില്‍ ഗ്യാസ് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച് ചേറുംകുളം വഴി തത്തേങ്ങലം വരെ പോകുന്ന റോഡ് നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ കുഴികള്‍ ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് നാട്ടുക്കാരുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചത്.
റോഡിലെ കുഴികളില്‍ ചേമ്പ് നട്ടാണ് നാട്ടുക്കാര്‍ പ്രതിഷേധിച്ചത്. റോഡിന്റെ പലയിടങ്ങളിലായി വ്യാപകമായ കുഴികള്‍ രൂപപെടുന്നുണ്ട്. കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നിര്‍മാണത്തിലെ കടുത്ത അനാസ്ഥയാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണം. നിര്‍മാണം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പാണ് റോഡ് പൊട്ടിപൊളിഞ്ഞിരിക്കുന്നത്.
കനത്ത മഴയെ പോലും വകവയ്ക്കാതെയാണ് റോഡിന്റെ ടാറിങ്ങ് പലപ്പോഴായി നടത്തിയത് എന്ന് നാട്ടുക്കാര്‍ ആരോപിച്ചു. റോഡ് എത്രയും പെട്ടെന്ന് കേടുപാടുകള്‍ തീര്‍ത്ത് പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപ്പാടികള്‍ക്ക് സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, എഐവൈഎഫ് സെക്രട്ടറി സുരേഷ്, ഫൈസല്‍ യു കെ, ഉണ്ണി മുണ്ടക്കണ്ണി, ഗോപി ചേറുംകുളം, ഭാസ്‌ക്കരന്‍ മുണ്ടക്കണ്ണി, കൃഷ്ണദാസന്‍, വിപിന്‍ ജോര്‍ജ്, രമേഷ്, ഖാലിദ്, അബ്ബാസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top