നിര്‍മാണം പൂര്‍ത്തിയാക്കുമെന്നുള്ള പ്രഖ്യാപനം കടലാസിലൊതുങ്ങി

പന്തളം: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുള്ള എംഎല്‍എയുടെ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നു. സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ നടപ്പിലാക്കുമെന്നും ശബരിമല മണ്ഡലകാലാരംഭത്തിനു മുന്‍പ് പണി പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനമാണ് പാഴായി തീര്‍ന്നിരിക്കുന്നത്. മണ്ഡലകാലവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുന്നൊരുക്ക യോഗങ്ങളിലും അവലോകന യോഗങ്ങളിലും പറഞ്ഞിരുന്നതായ ഉറപ്പുകളും പ്രഖ്യാപനങ്ങളും വിസ്മരിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലകാല മുന്നൊരുക്ക യോഗത്തില്‍ അറിയിച്ചിരുന്നു. ഇതില്‍ 40ലക്ഷം രൂപ ഓഫിസ് കെട്ടിടത്തിനും 10 ലക്ഷം രൂപ ട്രാക്ക് നവീകരണത്തിനുമാണ് അനുവദിച്ചത്. ഏകദേശം എട്ടു മാസം മുമ്പു മുതല്‍ പ്രഖ്യാപിച്ച ഈ നിര്‍മാണ ചുമതല പാതുമരാമത്തു വകുപ്പിനാണെന്നും എംഎല്‍എ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബര്‍ 10ന് മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ദിവസം രാവിലെ എംഎല്‍എ യുടെ നേതൃത്വത്തില്‍ ക്വാറി മക്ക് ഉപയോഗിച്ച് സ്റ്റാന്‍ഡില്‍ രൂപം കൊണ്ടിരുന്ന കുഴികള്‍ അടക്കുക മാത്രമാണ് ചെയ്തത്. ക്വാറി മക്കിലുള്ള കരിങ്കല്‍ ചീളുകള്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക ഭീഷണിയായി മാറിയിരിക്കുന്നു. സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകളുടെ ടയറിനടിയില്‍ പെടുന്ന കല്ലുകള്‍ ശക്തമായി തെറിച്ച് വീഴുന്നത് നിത്യ സംഭവമാണ്. മുമ്പ് സ്റ്റാന്‍ഡില്‍ മഴ പെയ്തുണ്ടായ കുഴിയില്‍ വിണ് ഒരു വൃദ്ധനായ യാത്രക്കാരന്‍ വീണ് കൈക്ക് ഒടിവു സംഭവിച്ചതും വ്യാപക പരാതിക്കു കാരണമായി. ബസ്സ്റ്റാന്‍ഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരസഭ കമ്മിറ്റികളില്‍ നിരന്തരം വിയോജനക്കുറിപ്പുകളും പ്രതിഷേധങ്ങളും ശക്തമാക്കിയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണസമിതി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. മണ്ഡലകാലത്തോടനുബന്ധിച്ച് ക്രമ സമാധാന പാലനത്തിനായി പോലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കും എന്ന ഉറപ്പു നല്‍കിയെങ്കിലും അതും പാലിക്കപെട്ടില്ല. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അയ്യപ്പ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനായി സൗകര്യം ഒരുക്കാന്‍ കുറുന്തോട്ടയം പാലം നിര്‍മ്മാണത്തില്‍ അധികം വന്ന 84 ലക്ഷം രൂപയില്‍ ഉല്‍പ്പെടുത്തി സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ വശം സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ട് ഉയര്‍ത്തുമെന്ന ഉറപ്പും പാലിക്കപെട്ടില്ല.

RELATED STORIES

Share it
Top