നിര്‍ഭാഗ്യകരമായ കൊടുംചതി



തികച്ചും അപ്രതീക്ഷിതമായാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയം തിളച്ചുമറിഞ്ഞത്. മൂന്നാറും ടി പി സെന്‍കുമാറും എം എം മണിയും കാനം രാജേന്ദ്രനുമൊക്കെയായി, സമാധാനപരമായി കളിച്ചുചിരിച്ച് രാഷ്ട്രീയം പതുക്കെ മുന്നോട്ടുനീങ്ങുകയായിരുന്നു. തൃശൂര്‍ പൂരം വെടിക്കെട്ട് തര്‍ക്കവും രമ്യമായി പരിഹരിക്കപ്പെട്ടതോടെ ഏവരും ഡല്‍ഹിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. പരമോന്നത നീതിപീഠം ടി പി സെന്‍കുമാര്‍ കേസില്‍ വീണ്ടും എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ അതില്‍ പിടിച്ച് കയറാനുള്ള സുവര്‍ണാവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് രാഷ്ട്രീയകേരളത്തിനു രോമാഞ്ചമുണ്ടാക്കുന്ന പ്രാദേശിക വാര്‍ത്ത കോട്ടയത്തുനിന്നു പൊട്ടിപ്പുറപ്പെട്ടത്. നിര്‍ഭാഗ്യകരമായ, കൊടുംചതിയുടെയും വഞ്ചനയുടെയും വാര്‍ത്തയായി അതു വളരെ വേഗം മാറുകയും ചെയ്തു.സംസ്ഥാനത്ത് മൂന്നു മുന്നണികളാണുള്ളത്: ഒന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ഭരണമുന്നണി. രണ്ട്, ഐക്യ ജനാധിപത്യ മുന്നണി എന്ന പ്രതിപക്ഷ മുന്നണി. മൂന്ന്, എന്‍ഡിഎ എന്ന ബിജെപി മുന്നണി. ഇതിലൊന്നും ഉള്‍പ്പെടാത്ത പാര്‍ട്ടികളും ഇവിടെയുണ്ട്. അത്തരത്തില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം). ഇവരിപ്പോള്‍ മൂന്നു മുന്നണികളിലുമില്ല. ആരോടും അധികം അടുപ്പവുമില്ല, അധികം ശത്രുതയുമില്ല. ഇതാണ് ഈ പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. അധ്വാനവര്‍ഗ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന, പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. ഒരു മുന്നണിയുടെയും ഭാഗമല്ലാത്തതുകൊണ്ട് ആ പാര്‍ട്ടിക്ക് എന്തെങ്കിലും തീരുമാനമെടുക്കാന്‍ മറ്റു പാര്‍ട്ടികളുടെ ഉപദേശ-നിര്‍ദേശം ആവശ്യമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വതന്ത്രമായ ഒരു നിലപാട് കൈക്കൊണ്ടു. എല്‍ഡിഎഫ് മുന്നണിയിലെ സിപിഎമ്മുമായി ഒരു ബാന്ധവം സ്ഥാപിച്ചു. സംസ്ഥാന വ്യാപകമായി യുഡിഎഫ് മുന്നണി വിട്ട ഒരു പാര്‍ട്ടിയായതുകൊണ്ട് ഇങ്ങനെ തീരുമാനിക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു പ്രശ്‌നവും വരുന്നില്ല. പൊതുജനങ്ങള്‍ക്കും അതറിയാം. അതൊരു ചതിയായോ വഞ്ചനയായോ കണക്കാക്കാന്‍ നിവൃത്തിയില്ല. അതൊരു നിര്‍ഭാഗ്യകരമായ നിലപാട് എന്നും പറഞ്ഞുകൂടാ. നിലപാടുകളിലെ ഭാഗ്യവും നിര്‍ഭാഗ്യവും അതത് പാര്‍ട്ടികളുടെ കാര്യമാണ്. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പരസ്യപ്പെടുത്തിയിട്ടുണ്ട്. നമുക്കത് വിശ്വസിക്കാം. ഇക്കാര്യത്തില്‍ ആ പാര്‍ട്ടിക്കകത്ത് രാജികളും ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ജനാധിപത്യ പാര്‍ട്ടികളാവുമ്പോള്‍ അതൊക്കെ സാധാരണവുമാണ്. അത് അവരുടെ പാര്‍ട്ടി ആഭ്യന്തരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണരാഷ്ട്രീയം കീഴ്‌മേല്‍മറിഞ്ഞ ബാര്‍ കോഴ അഴിമതി വിവാദത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ പാര്‍ട്ടിയാണിത്. ഏറിവന്നാല്‍ ചെറിയ ഒരു പിളര്‍പ്പുണ്ടാവും. അതുണ്ടായാല്‍ പാര്‍ട്ടി കുറച്ചുകൂടി വളരും; അത്രതന്നെ! ശരിക്കും പറഞ്ഞാല്‍ യുഡിഎഫിലെ കോണ്‍ഗ്രസ്സുകാര്‍ക്കാണ് തലയ്ക്ക് അടിയേറ്റത്. അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടു. അതിന്റെ വിഷമവും പ്രയാസവും ആ പാര്‍ട്ടിക്ക് സ്വാഭാവികവുമാണ്. മാണിച്ചായനു വേണ്ടി വലിയ വില കൊടുത്ത പ്രസ്ഥാനമാണത്. അതുകൊണ്ട് നേതാക്കള്‍ രണ്ടും മൂന്നും പറഞ്ഞു. ഇതൊക്കെയാണെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ രണ്ടു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം അവസാനിക്കാനാണ് സാധ്യത. പള്ളിക്കാരും മതമേലധ്യക്ഷന്മാരും ഒടുവില്‍ സോണിയാഗാന്ധിയും ഇടപെട്ട് കെ എം മാണിയെയും കൂട്ടരെയും ചുവപ്പു പരവതാനി വിരിച്ച് യുഡിഎഫിലേക്ക് ആനയിച്ചുകൊണ്ടുവരും. അതോടെ കഴിഞ്ഞതൊക്കെ മറന്ന് യുഡിഎഫ് പൂര്‍വാധികം ശക്തിപ്പെടും.ഇക്കാര്യത്തില്‍ കോണ്‍ഗ്രസോ യുഡിഎഫിലെ ഘടകകക്ഷികളോ യാതൊരുവിധ മര്യാദകേടും ചെയ്തതായി ആരും പറയില്ല. മാണി കേരളയോട് അവര്‍ക്കുള്ള ധാര്‍മികരോഷം ശരിയുമാണ്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കേരള സര്‍ക്കാരിനെയും നയിക്കുന്ന സിപിഎം എന്ന ദേശീയ പാര്‍ട്ടിയാണ് വാസ്തവത്തില്‍ ഇക്കാര്യത്തില്‍ പരസ്യമായ രാഷ്ട്രീയ വഞ്ചന കാണിച്ചത്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയും മുന്നണി പ്രവര്‍ത്തകരെയും മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തെയാകെ പരിഹസിക്കുന്ന ഒരു നിലപാടാണ് സിപിഎം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനുവര്‍ത്തിച്ചത്. ധനമന്ത്രിയായിരുന്ന കെ എം മാണിയെ അഴിമതിയുടെ രാജാവാക്കി, ബാര്‍ കോഴ അഴിമതി നാട് മുഴുവന്‍ കൊട്ടിഘോഷിച്ച് വേട്ട നടത്തിയ പാര്‍ട്ടിയാണിത്. അഴിമതിക്കാര്‍ക്കെതിരായ ധീരമായ നിലപാടാണ് ഈ പാര്‍ട്ടിയുടെ ദേശീയ നയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ആലോചിക്കാതെ അഴിമതിക്കാരെ വെള്ളപൂശുന്ന അവസരവാദപരമായ കൂട്ടുകെട്ടുണ്ടാക്കിയ സിപിഎം ആണ് ഇവിടെ രാഷ്ട്രീയ വഞ്ചന കാണിച്ചത്. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തില്‍ വെള്ളംചേര്‍ക്കലാണിത്. സ്വന്തം പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വോട്ട് ചെയ്തു ജയിപ്പിച്ച ജനലക്ഷങ്ങളുടെയും താല്‍പര്യങ്ങള്‍ മാനിക്കാതെ പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നു മനസ്സിലാക്കാം. പാര്‍ട്ടി കൈക്കൊണ്ട ഈ അവസരവാദപരമായ നിലപാടിനെ രാഷ്ട്രീയ വഞ്ചനയായി ചിത്രീകരിക്കാന്‍ ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ല. നേതാക്കന്മാരുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്ന “ന്യായീകരണ പ്രവര്‍ത്തകന്മാരായി’ ആ പാര്‍ട്ടിക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ മാത്രമാണ് പരസ്യവിമര്‍ശനം ഉന്നയിച്ചത്. സിപിഎം സ്വീകരിച്ച നിര്‍ഭാഗ്യകരമായ കൊടുംചതി രാഷ്ട്രീയകേരളം നാളെ ചര്‍ച്ചചെയ്യാതിരിക്കില്ല.

RELATED STORIES

Share it
Top