നിര്‍ഭയ കേസ്: തൂക്കുകയര്‍ തന്നെ; പ്രതികളുടെ പുനപ്പരിശോധനാ ഹരജി തള്ളി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി. വധശിക്ഷയ്‌ക്കെതിരേ കേസിലെ മൂന്നു പ്രതികള്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക ബെഞ്ച് തള്ളിയത്.
2012ല്‍ ഡല്‍ഹിയിലാണ് സംഭവം. നാലു പ്രതികള്‍ക്ക് 2013 സപ്തംബര്‍ 13നാണ് സാകേത് ജില്ലാ കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചത്. 2014 മാര്‍ച്ച് 13ന് ഡല്‍ഹി ഹൈക്കോടതിയും 2017 മെയ് അഞ്ചിന് സുപ്രിംകോടതിയും ഈ വിധി ശരിവച്ചിരുന്നു. മുകേഷ് കുമാര്‍ (29), പവന്‍ കുമാര്‍ ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ അക്ഷയ് കുമാര്‍ സിങ് ഒഴികെയുള്ള മൂന്നുപേരാണ് വധശിക്ഷയ്‌ക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കിയത്. കേസിന്റെ വിചാരണവേളയില്‍ തങ്ങളുടെ അഭിഭാഷകന് വിഷയം ശരിയായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ലെന്നും തങ്ങള്‍ക്ക് അനുകൂലമായ സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂവരും ഹരജി നല്‍കിയത്. എന്നാല്‍,  പുനപ്പരിശോധനാ ഹരജിയില്‍ പുതിയ വാദങ്ങള്‍ ഒന്നുംതന്നെ പ്രതികള്‍ ഉന്നയിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ പേരില്‍ വീണ്ടും കേസ് വാദിക്കാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
നിയമപരമായ വീഴ്ച, നീതിയില്‍ തകരാര്‍ സംഭവിക്കല്‍, മുന്‍ ഉത്തരവില്‍ പിഴവു സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ പുനപ്പരിശോധനാ ഹരജി നല്‍കാവൂ എന്ന കാര്യം സുവ്യക്തമാണെന്നും ജസ്റ്റിസ് ഭൂഷണ്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകി, എഫ്‌ഐആറില്‍ പ്രതികളുടെ പേര് പറഞ്ഞിരുന്നില്ല, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു തുടങ്ങിയ വാദങ്ങളും പ്രതികള്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങളൊക്കെ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും പരിഗണിച്ചതാണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
പുനപ്പരിശോധനാ ഹരജി തള്ളിയതോടെ പ്രതികള്‍ക്ക് ഇനി സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കാനാവും. ഇതും തള്ളിയാല്‍ രാഷ്ട്രപതിക്ക് മുമ്പാകെയുള്ള ദയാഹരജിയാണ് ഇവര്‍ക്കു മുന്നിലുള്ള നിയമപരമായ ഏക പോംവഴി.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി റോഡില്‍ തള്ളിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ഗുരുതരമായി പരിക്കറ്റ പെണ്‍കുട്ടി രണ്ടാഴ്ചത്തെ ചികില്‍സയ്ക്കുശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ച് ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൊത്തം ആറു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിലെ രാംസിങ് എന്ന പ്രതിയെ തിഹാര്‍ ജയിലിലെ തടവിനിടെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായിരുന്നു. ഇയാളെ മൂന്നു വര്‍ഷത്തെ ദുര്‍ഗുണ പാഠശാലയിലെ തടവിനുശേഷം മോചിതനാക്കി. കേസിലെ നാലാംപ്രതി അക്ഷയ് കുമാര്‍ സിങ് ഇതുവരെ പുനപ്പരിശോധനാ ഹരജി നല്‍കിയിട്ടില്ല. അക്ഷയ് കുമാറിന് വേണ്ടി ഹരജി ഉടന്‍ ഫയല്‍ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

RELATED STORIES

Share it
Top