നിര്‍ഭയ കേസ്പുനപ്പരിശോധനാ ഹരജി: വാദം ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗ കേസില്‍ വധശിക്ഷ ശരിവച്ച വിധിക്കെതിരേ പ്രതികള്‍ നല്‍കിയ പുനപ്പരിശോധന ഹ—രജിയില്‍ സുപ്രിം കോടതിയില്‍ വാദം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസിലെ പ്രതിയായ മുകേഷിന്റെ അഭിഭാഷകന്‍ എം എല്‍ ശര്‍മയുടെ വാദമാണ് ഇന്നലെ ആരംഭിച്ചത്. കേസിലെ മറ്റു മൂന്നു പ്രതികളായ വിനയ് ശര്‍മ, അക്ഷയ്കുമാര്‍ സിങ്, പവന്‍ കുമാര്‍ എന്നിവരുടെ വാദം ജനുവരി 22ലേക്കു മാറ്റി. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ സിദ്ധാര്‍ഥ് ലൂത്രയുടെ എതിര്‍വാദവും ഇന്നലെ നടന്നു. അക്ഷയ്കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് വധശിക്ഷാ വിധിക്കെതിരേ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്. 2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസ്സിനുളളില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കുശേഷം മരിച്ചത്. 2013 സപ്തംബര്‍ 11നാണ് ആറു പ്രതികളില്‍ നാലു പേര്‍ക്ക് വധശിക്ഷ വിധിച്ചത്. തുറന്ന കോടതിയിലാണ് പുനപ്പരിശോധനാ ഹരജിയില്‍ ഇന്നലെ വാദം കേട്ടത്. ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സുള്ള മുകേഷ് എങ്ങിനെയാണ് ബസ് ഓടിക്കുകയെന്ന് തനിക്കറിയില്ലെന്ന് മുകേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ, ഡിഎന്‍എ തെളിവുകളുടെ വിശ്വാസ്യതയും ശര്‍മ കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, അപ്രസക്തമായ വാദങ്ങളാണ് ശര്‍മ ഉന്നയിക്കുന്നതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, അഭിഭാഷകന്റെ വാദങ്ങള്‍ തള്ളി. താങ്കള്‍ എന്താണ് വാദിക്കുന്നതെന്ന്  ചോദിച്ച്്് ചീഫ് ജസ്റ്റിസ്, തങ്ങളുടെ നിഗമനത്തില്‍ എന്താണ് തെറ്റ്, ഡിഎന്‍എ പരിശോധനാ ഫലവും മരണപ്പെട്ടെന്നുള്ള പ്രഖ്യാപനവും അന്വേഷണവും തെറ്റാണെന്ന് തെളിയിക്കണമെന്നും അല്ലാതെ, മുമ്പ് ഉയര്‍ത്തിയ വാദങ്ങള്‍ ആവര്‍ത്തിച്ചത് കൊണ്ടു കാര്യമില്ലെന്നും പുതിയ വാദങ്ങള്‍ ഉയര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പുനപ്പരിശോധനാ ഘട്ടത്തില്‍ ഉയര്‍ത്തേണ്ട വാദങ്ങളല്ല ശര്‍മ ഇപ്പോള്‍ ഉയര്‍ത്തുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടറും കോടതിയില്‍ വാദിച്ചു.

RELATED STORIES

Share it
Top