നിര്‍ധന കുടുംബത്തിന് വീടൊരുക്കി കോവളം പോലിസ്‌

കോവളം: മുക്കാല്‍ സെന്റ് വസ്തുവില്‍ തകരഷീറ്റ് കെട്ടിമറച്ച് വാതില്‍ തുണി കൊണ്ട് മറച്ചു കിടന്നുറങ്ങിയ അമ്മയ്ക്കും മകള്‍ക്കും വീടൊരുക്കി കോവളം ജനമൈത്രി പോലിസ്. കോവളം ആഴാകുളം ചിറ്റാഴക്കുളം വീട്ടില്‍ താമസിക്കുന്ന വൃദ്ധമാതാവ് ലീല (80)യെയും 43 വയസ്സുള്ള മകള്‍ ബിന്ദുവിനെയുമാണ് കോവളം പോലിസും ക്രൈസ്റ്റ് കോളജും ചേര്‍ന്ന് വീട് എന്ന സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ആനയിച്ചത്.
പരാതി അന്വേഷിക്കാനെത്തിയ കോവളം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി അജിത്്കുമാറാണ് ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇതിനായുള്ള ഇടപെടലുകള്‍ക്ക് തുടക്കം കുറിച്ചത്. വൃദ്ധമാതാവിനെ വിളിച്ച് വിവരങ്ങള്‍ ആരായുകയും തുടര്‍ന്ന് വീട് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് ക്രൈസ്റ്റ്‌കോളജ് മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസിനോട് സഹായാഭ്യര്‍ഥന നടത്തുകയും ചെയ്തു.
ഫാദര്‍ തോമസ് ജനമൈത്രി പോലിസുമായി ചേര്‍ന്ന് വീട്‌വച്ച് നല്‍കാമെന്ന് സമ്മതിക്കുകയും തുടര്‍ന്ന് കോവളം ജനമൈത്രി പോലിസും ക്രൈസ്റ്റ് കോളജ് മാനേജ്‌മെന്റും വിദ്യാര്‍ഥികളും ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാവരും സഹകരിച്ചപ്പോള്‍ മുക്കാല്‍ സെന്റ് വസ്തുവില്‍ ഒരു മുറിയും ബാത്ത്‌റൂമും അടുക്കളയും സിറ്റൗട്ടും ചേര്‍ന്ന മനോഹരമായ ഒരു വീട് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
കോണ്‍ട്രാക്ടര്‍ വിന്‍സെ ന്റിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളാണ് വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് വീട് കൈമാറാന്‍ സഹായിച്ചത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഒ ബിജു, മെംബര്‍മാരായ ബിപിന്‍, ലാലന്‍ എന്നിവരും എസ്‌ഐയോടൊപ്പം ഉണ്ടായിരുന്നു. കോവളം എസ്‌ഐ പി അജിത്കുമാറും ഫാദര്‍ തോമസും ചേര്‍ന്ന് ഉടമസ്ഥയായ ലീലയ്ക്ക് വീടിന്റെ താക്കോ ല്‍ കൈമാറി. ചടങ്ങില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും  ക്രൈസറ്റ്‌കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും കോവളം പോലിസും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED STORIES

Share it
Top