നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി നിര്‍മാണ മേഖല വീണ്ടും മരണക്കെണിയൊരുക്കുന്നു

കോഴിക്കോട്: അധികൃതരുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി നിര്‍മാണ മേഖല വീണ്ടും മരക്കെണിയൊരുക്കുന്നു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ്്് രണ്ടു ബീഹാര്‍ സ്വദേശികള്‍ മരിച്ച അതേ സ്ഥലത്ത് ഇന്നലേയും വ്യാപകമായ രീതിയില്‍ മണ്ണിടിഞ്ഞു. അപകടത്തെ തുടര്‍ന്ന്് അധികൃതര്‍ പ്രവൃത്തി നിര്‍ത്തിവെപ്പിച്ച റാംമോഹന്‍ റോഡില്‍ പൂതേരി പോലിസ് ക്വാട്ടേഴ്‌സിനു മുന്നിലെ ബഹുനില കെട്ടിടനിര്‍മാണ സ്ഥലത്താണു അപകടകരമായ രീതിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
അപകടത്തിനു ശേഷം, നിര്‍മാണ അതിരിലെ മണ്ണ് ഇടിയാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെട്ടില്ല. നിര്‍മാണപ്രവൃത്തി നിര്‍ത്തിവച്ചതിനാല്‍ സ്ഥലത്ത് തൊഴിലാളികളാരും ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് വന്‍ദുരന്തം ഒഴിവായത്.
റോഡിലെ ഫുട്പാത്ത്്് വരെയുള്ള സ്ഥലങ്ങള്‍ മണ്ണിനടിയിലായി. നേരത്തേ മണ്ണിടിഞ്ഞ സ്തലത്തിന്റെ തൊട്ടടുത്തായി മറ്റ്് കെട്ടിടങ്ങളുണ്ട്്. ഇവക്കും ഭീഷണിയാവുന്ന നിലയിലായിരുന്നു അശാസ്ത്രീയമായ മണ്ണെടുപ്പ്്. ഇതുസംബന്ധിച്ച പരാതി ഉണ്ടായിട്ടും പാര്‍ശ്വഭിത്തി ബലപ്പെടുത്താന്‍ കരാറുകാരും ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. നേരത്തേ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെപ്പിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍, നിലവിലുള്ള അപകടസ്ഥിതി പരിഹരിക്കാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു എന്നതും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
ഇന്നലെ മണ്ണിടിഞ്ഞ വിവരം അറിഞ്ഞ്് കസബ വില്ലേജ് ഓഫീസര്‍ കെ ബീന സ്ഥലം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ അവര്‍ റവന്യൂ അധികാരികള്‍ക്ക്് റിപ്പോര്‍്ട്ട് ചെയ്യും. തുടര്‍ച്ചയായി മണ്ണിടിയുന്ന സ്ഥലത്തിന്റെ അതിരുകള്‍ ബലപ്പെടുത്താന്‍ അധികാരികളോ കരാറുകാരോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് പരിസരത്തെ സ്ഥാപന ഉടമകളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇവര്‍ കസബ വില്ലേജില്‍ ഇതുസംബന്ധിച്ച പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്നലത്തെ മണ്ണിടിച്ചിലിനു കാരണം പൊതുമരാമത്ത് വകുപ്പാണ് എന്ന വിശദീകരണവുമായി കരാര്‍ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ ഫുട്പാത്തിനടിയിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് പൈപ്പിട്ടതാണ് അപകടകാരണമെന്നാണ് കരാറുകാര്‍ പറയുന്നത്. മലിനജലം ഒഴുകുന്ന ഈ രണ്ട് പൈപ്പുകളിലൂടെ എത്തിയ വെള്ളം നിര്‍മാണ സ്ഥലത്ത് കെട്ടിക്കിടന്നതാണ് മണ്ണിടിച്ചിലിനു കാരണമെന്ന് അവര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top