നിര്‍ത്താതെ പോയ വാഹനം പോലിസ് പിന്തുടര്‍ന്ന് പിടികൂടി

എടപ്പാള്‍: രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയ ഗുഡ്‌സ് ഓട്ടോ ഹൈവേ പോലിസ് പിന്തുടര്‍ന്ന് പിടികൂടി. ഇന്നലെ വൈകീട്ട് നാലരയോടെ അണ്ണക്കമ്പാടം എടപ്പാള്‍ ജങ്ഷനിലായിരുന്നു അപകടം. അണ്ണക്കമ്പാട് റോഡിലൂടെ നടന്നു പോവുകയായിരുന്ന ബിയ്യം സ്വദേശി മധു (45)വിനെയാണ് ഗുഡ്‌സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്. അതിനുശേഷം നിര്‍ത്താ തെ ഓടിയ വണ്ടി എടപ്പാള്‍ ജങ്ഷനില്‍ കുറ്റിപ്പുറം റോഡില്‍ വച്ച് റോഡരികില്‍ നിന്നിരുന്ന ഒരു സ്ത്രീയേയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡില്‍ രക്തം വാര്‍ന്നു കിടന്ന മധുവിനെ ഹൈവേ പോലിസ് എത്തിയാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ ഇടിച്ച സ്ത്രീയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ പോയ ഗുഡ്‌സ് ഓട്ടോയെ പിന്തുടര്‍ന്ന് ഹൈവേ പോലിസാണ് പിടികൂടിയത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അണ്ണക്കമ്പാട് സ്വദേശി സുകുമാരനെ (50) ചങ്ങരംകുളം പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top