നിര്‍ത്തലാക്കിയ എട്ട് ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം

കൊല്ലം: തിരുവനന്തപുരം-എറണാകുളം സെക്ടറില്‍ ഓടിയിരുന്ന എട്ടു പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ റദാക്കി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവച്ച സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ട്രെയിന്‍ സര്‍വീസുകള്‍ നി ര്‍ത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ് ദക്ഷിണ റെയില്‍വേ എടുത്തിരുന്നത്.  ട്രാക്കുകളുടെ അറ്റകുറ്റപ്പണിയും മറ്റും കാണിച്ച് രണ്ടു മാസത്തേക്ക് താല്‍ക്കാലികമായാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്. ഇതുമൂലം രാവിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പോകുന്ന ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, രോഗികള്‍ അടക്കമുള്ളവര്‍ നേരിടുന്ന യാത്രാ ബുദ്ധിമുട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രിയെ ധരിപ്പിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ അന്യായമായി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള ദക്ഷിണ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരുടെ തീരുമാനം യാത്രക്കാര്‍ക്കു വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന റെയില്‍വേ മന്ത്രിയുടെ പ്രതിച്ഛായയെ തകര്‍ക്കുന്ന തരത്തിലാണ്. ട്രെയിനുകള്‍ നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കൊടിക്കുന്നില്‍ സുരേഷുമായി ചര്‍ച്ച നടത്തിയത്.റെയില്‍വേ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ അഡൈ്വസര്‍ ഗുഹ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോച്ച്‌സ്) രാജീവ് സക്‌സേന എന്നിവരെ വിളിച്ചുവരുത്തി മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. ഇവര്‍ റെയില്‍വേയിലെ ചീഫ് ഓപറേറ്റീവ്  മാനേജര്‍ അനന്തരാമനുമായി ഫോണില്‍ ബന്ധപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ത്തലാക്കിയ എട്ട് ട്രെയിനുകളും നാളെ മുതല്‍ തന്നെ പുനരാരംഭിക്കണമെന്ന മന്ത്രിയുടെ തീരുമാനം ഫോണിലൂടെ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 63300 കൊല്ലം-എറണാകുളം മെമു, 66301 എറണാകുളം-കൊല്ലം മെമു, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം-കായംകുളം പാസഞ്ചര്‍, 56388 കായംകുളം-എറണാകുളം പാസഞ്ചര്‍, 66307 എറണാകുളം-കൊല്ലം മെമു, 66308 കൊല്ലം-എറണാകുളം മെമു, 56381 എറണാകുളം-ആലപ്പുഴ വഴി കായംകുളം പാസഞ്ചര്‍, 56382 കായംകുളം-ആലപ്പുഴ വഴി എറണാകുളം പാസഞ്ചര്‍  എന്നീ ട്രെയിനുകളാണ് നാളെ മുതല്‍ പുനരാരംഭിക്കാന്‍ റെയില്‍വേ മന്ത്രി സതേ ണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയത്.ക്രിസ്മസ്, ന്യൂഇയര്‍ അവധിക്കാലമായതോടെ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ മന്ത്രി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

RELATED STORIES

Share it
Top