നിര്‍ത്തരുത്; പോരാട്ടം തുടരണം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ഡിസംബര്‍ 31നു പ്രസിദ്ധീകരണം നിര്‍ത്തുമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം വ്യാഴാഴ്ചയാണ് തേജസ് പ്രസിദ്ധീകരിച്ചത്. അന്നത്തെ സിപിഎം മുഖപത്രത്തിന്റെ മുഖപ്രസംഗ പേജിലെ തുടക്കവാചകങ്ങളും അര്‍ഥവത്തായിരുന്നു: ''നിയന്ത്രിച്ചു നിര്‍ത്തുക; നിശബ്ദരാക്കുക എന്നത് സ്വേച്ഛാധികാര പ്രവണതയുടെ സവിശേഷ സ്വഭാവമാണ്. ആധുനിക കാലത്തെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അതു കൃത്യമായി മനസ്സിലാക്കിയത് അടിയന്തരാവസ്ഥക്കാലത്താണ്.''
അടിയന്തരാവസ്ഥ പോയിട്ടും ആ സ്വേച്ഛാധികാര പ്രവണത തുടരുന്നു. അതാണ് 13 വര്‍ഷമായി രംഗത്തുള്ള തേജസ് ദിനപത്രം അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന മാനേജ്‌മെന്റിന്റെ ദീര്‍ഘമായ പ്രസ്താവന കാണിക്കുന്നത്. പരസ്യം നിര്‍ത്തിവച്ചും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 2010 മുതല്‍ തേജസിനെതിരേ നടത്തിവരുന്ന നടപടികള്‍ തുടര്‍ന്നു നേരിടാനാകാതെയാണ് പത്രം അടച്ചുപൂട്ടുന്നത് എന്നാണ് വിശദീകരണം.
2010ല്‍ വിഎസ് ഗവണ്മെന്റിന്റെ കാലത്ത് തുടങ്ങിയ, ചെറിയ ഇടവേള ഒഴിച്ച് ഉമ്മന്‍ചാണ്ടി ഗവണ്മെന്റും ആദ്യം യുപിഎ ഗവണ്മെന്റും ഇപ്പോള്‍ മോദി ഗവണ്മെന്റും പരസ്യം നിഷേധിച്ചും പത്രമാരണനിയമം അടിച്ചേല്‍പിച്ചും പത്രത്തെ ഞെരിച്ചു കൊല്ലുകയാണ്. ഏറ്റവും ഒടുവില്‍ പിണറായി വിജയന്‍ നയിക്കുന്ന ഗവണ്മെന്റും അമിതമായ രാഷ്ട്രീയാധികാര പ്രയോഗത്തിലൂടെ തേജസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി എന്നാണ് മാനേജ്‌മെന്റ് വെളിപ്പെടുത്തുന്നത്.
ഒരു പത്രം അടച്ചുപൂട്ടേണ്ടിവരുക എന്നത് ഫലത്തില്‍ സമൂഹത്തിന്റെ ഒരു നാവരിയുന്നു എന്നാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഭയത്തിന്റെ ഇരുട്ടിന് ഇനിയും കട്ടി കൂടുമെന്നുമാണ്. അതുകൊണ്ട് ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടിവന്ന ഒരു പത്രത്തില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങളുള്ള ആളെന്ന നിലയ്ക്ക് തേജസ് അടച്ചിടാനുള്ള തീരുമാനം എന്തുകൊണ്ടാണെങ്കിലും മാനേജ്‌മെന്റ് പുനഃപരിശോധിക്കണമെന്നാണ് ഈ ലേഖകന് ആദ്യം പറയാനുള്ളത്.
സര്‍ക്കാര്‍ പരസ്യം നിഷേധിക്കുക മാത്രമല്ല, സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി പത്രത്തിന്റെ നാവ് വരിഞ്ഞുകെട്ടിയ അടിയന്തരാവസ്ഥയില്‍ രണ്ട് എഡിഷനുണ്ടായിരുന്ന ദേശാഭിമാനിയുടെ പ്രചാരം കുറഞ്ഞുകുറഞ്ഞ് എണ്ണായിരം കോപ്പിയിലെത്തി. സര്‍ക്കാരിതര പരസ്യങ്ങള്‍ ഇല്ലാതാവുകയും കോപ്പികള്‍ കുത്തനെ കുറയുകയും ചെയ്തപ്പോള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ പത്രം നിര്‍ത്തണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നു. വിഷയം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പത്രം നിര്‍ത്തുന്നത് രാഷ്ട്രീയമായും സാങ്കേതികമായും തിരിച്ചടിയായിരിക്കുമെന്നു ശക്തമായ നിലപാട് എടുത്തത് ജനറല്‍ സെക്രട്ടറി ഇഎംഎസ് ആയിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്തുപോന്ന രാഷ്ട്രീയ നിലപാടിന് അടിയറവ് പറയലാകും പത്രം നിര്‍ത്തലെന്നും ബോധ്യപ്പെട്ടാണ് ഏതു വിധേനയും പ്രസിദ്ധീകരണം തുടരാന്‍ തീരുമാനിച്ചത്.
വരിക്കാരും പരസ്യക്കാരും വായനക്കാരും ഏജന്റുമാരും പത്രത്തിന്റെ വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്ന ഒരു വലിയ കുടുംബമാണ് പത്രം. സ്വയം അടച്ചുപൂട്ടുന്നതോടെ ആ കുടുംബം മാത്രമല്ല, അതിന്റെ അസ്തിത്വമായ പത്രം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. ഒരിക്കല്‍ അടച്ചുപൂട്ടുന്നതോടെ ഇതെല്ലാം പുനഃസ്ഥാപിക്കുക പിന്നീട് അസാധ്യവുമായിരിക്കും. ഒരു പത്രമെന്ന നിലയില്‍ ദേശാഭിമാനി നേരിട്ടത് തേജസ് അടക്കം എല്ലാ പത്രങ്ങള്‍ക്കും അവരുടെ ജീവിതവും നിലനില്‍പുമായി അഭേദ്യമായി ബന്ധപ്പെട്ട അവസ്ഥയാണ്. അത് ഇല്ലാതാക്കി ഹരാകിരിക്ക് ഒരുങ്ങുന്നത് ശരിയല്ലെന്നു പറയേണ്ടിവരും.
നാവരിഞ്ഞാലും നട്ടെല്ലു വളയ്ക്കില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഇക്കാലമത്രയും ഈ ചെറിയ പത്രത്തിന്റെ മുഖമുദ്രയായി തങ്ങള്‍ കാത്തുപോന്നതെന്ന് മാനേജ്‌മെന്റ് തന്നെ പറയുന്നു. കേരളത്തിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത്-ആദിവാസി-കീഴാള സമൂഹങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായാണ് പ്രവര്‍ത്തിച്ചുപോന്നതെന്നും. ഈ വിഭാഗങ്ങളും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളാകെയും മോദി ഗവണ്മെന്റിന്റെ ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരേ ഒരുപോലെ പോരാടുന്ന ഒരു സന്ദര്‍ഭമാണിത്.
ചുരുക്കം മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പ് നിലനില്‍പിനു വേണ്ടിയുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കുരുക്ഷേത്ര യുദ്ധവുമാണ്. അതിനു തൊട്ടുമുമ്പ് ആയുധം വച്ച് പോര്‍ക്കളം വിടുന്നത് നട്ടെല്ലു വളയ്ക്കലല്ലെങ്കില്‍ മറ്റെന്താണെന്ന് നാളെ ചരിത്രത്തോട് തേജസ് മാനേജ്‌മെന്റിനു മറുപടി പറയേണ്ടിവരും. അത്രയും ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം എത്തിനില്‍ക്കുന്നത്. പാതിരാത്രിയില്‍ സൈനികമായി സിബിഐ ആസ്ഥാനം പിടിച്ചെടുത്തത് അമിതാധികാരവാഴ്ചയുടെ പുതിയ ഗതി വ്യക്തമാക്കുന്നു. ഇതൊന്നും തിരിച്ചറിയാത്തവരല്ല തേജസിന്റെ മാനേജ്‌മെന്റ് എന്ന് ഈ ലേഖകന്‍ കരുതുന്നു.
തേജസിനെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്മെന്റിനും ഉത്തരവാദിത്തം ഉണ്ടെന്നത് ചരിത്രത്തില്‍ ഒരു വിരോധാഭാസമായി രേഖപ്പെടുത്തേണ്ടിവരും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍ അധികാരിവര്‍ഗങ്ങള്‍ക്കു മുമ്പില്‍ പത്രത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ചരിത്രം സൃഷ്ടിച്ചവരാണ് നമ്മുടെ മുന്‍ തലമുറ. പത്രം ചെറുതോ വലുതോ എന്നതല്ല, പരസ്യം ഉണ്ടോ ഇല്ലേ എന്നതുമല്ല ആ നിലപാടിന്റെ ശക്തിയും അടിത്തറയുമായി വര്‍ത്തിച്ചിട്ടുള്ളത്.
ജനങ്ങളുടെ പിന്തുണ നേടി മുന്നോട്ടു പോകാന്‍ 200ഓളം വരുന്ന തേജസിന്റെ പത്രജീവനക്കാരും രംഗത്തിറങ്ങുകയും ജനപിന്തുണ ഉറപ്പിക്കും വിധം പത്രം തുടര്‍ന്നും പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇത്രയും വര്‍ഷം പിന്തുണ നല്‍കിയ വായനക്കാരും അഭ്യുദയകാംക്ഷികളും മാനേജ്‌മെന്റിന്റെയും പത്രാധിപ സമിതിയുടെയും കൂടെയുണ്ടാകും എന്നതാണ് അടിയന്തരാവസ്ഥയിലെ അനുഭവങ്ങളില്‍ നിന്ന് ഞങ്ങളെ പോലുള്ളവര്‍ ഉള്‍ക്കൊണ്ട പാഠമെന്നു വിനയപുരസ്സരം രേഖപ്പെടുത്തട്ടെ.
1921ലെ മലബാര്‍ കലാപം വര്‍ഗീയ കലാപമായല്ല, ജന്മിത്വത്തിനെതിരായ കൃഷിക്കാരുടെയും കുടിയാന്മാരുടെയും പോരാട്ടമായാണ് തുടങ്ങിയതെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിന്റെ വാര്‍ഷികത്തില്‍ ആ നിലപാട് ആവര്‍ത്തിച്ചും വിശദീകരിച്ചും ദേശാഭിമാനിയില്‍ ഇഎംഎസ് എഴുതിയ 'ആഹ്വാനവും താക്കീതും' എന്ന ലേഖനത്തിന്റെ പേരിലാണ് പത്രം കണ്ടുകെട്ടാന്‍ മലബാര്‍ കലക്ടര്‍ ഉത്തരവിട്ടത്. വസൂരി പിടിപെട്ട് കിടപ്പിലായിരുന്ന ഇഎംഎസിനെ പാതിരാത്രിയില്‍ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
ഇതുപോലെ നിരവധി നടപടികള്‍ നേരിട്ടുകൊണ്ടാണ് ദേശാഭിമാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്നോട്ടുപോയത്; അടിയന്തരാവസ്ഥയില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ഘട്ടത്തെ നേരിട്ടതും. അത്തരം അനുഭവങ്ങളുള്ള ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്താണ് 200ഓളം ജീവനക്കാരെ തെരുവിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന ഒരു സ്ഥിതിവിശേഷം തേജസ് പത്രത്തിനു നേരിടേണ്ടിവരുന്നത്. ഇതു ചരിത്രത്തിലെ ഒരു വിരോധാഭാസമായി നിലനില്‍ക്കും.
സിപിഎമ്മിന്റെ മുഖപത്രത്തോട് തേജസ് മാനേജ്‌മെന്റിനെ താരതമ്യം ചെയ്യുകയല്ല. പത്രത്തിന്റെ നടത്തിപ്പുകാര്‍ ആരായാലും പത്രത്തിന്റെ ഉള്ളടക്കവും നിലപാടും നയങ്ങളുമാണ് ജനാധിപത്യ ഭരണവ്യവസ്ഥിതിയില്‍ അധികാരികള്‍ പരിശോധിക്കേണ്ടത്. പത്രസ്വാതന്ത്ര്യത്തിനും ഭരണഘടനാ വ്യവസ്ഥയ്ക്കും എതിരായി പത്രത്തില്‍ എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടുകയും തെറ്റെങ്കില്‍ അതിനെതിരേ നിയമപരമായി നടപടികള്‍ സ്വീകരിക്കുകയുമാണ് ഏതു കക്ഷി ഭരിച്ചാലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.
തേജസിന്റെ കാര്യത്തില്‍ അതു ചെയ്തിട്ടില്ലെന്നാണ് മാനേജ്‌മെന്റ് അക്കമിട്ടു നിരത്തുന്നത്. ഇതൊരു വെള്ളരിക്കാപ്പട്ടണമല്ല. എന്തുകൊണ്ട് പരസ്യം നിഷേധിക്കുന്നു, പരസ്യദാതാക്കളെ പോലിസിനെ വിട്ട് ഭീഷണിപ്പെടുത്തുന്നു, പെന്‍ഷന്‍ വിഹിതവും അക്രഡിറ്റേഷനും മറ്റും നിഷേധിക്കുന്നു എന്നു വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. ദേശാഭിമാനി ഇപ്പോള്‍ വ്യക്തമാക്കിയതുപോലെ, ഇതൊക്കെ പത്രത്തെ നിയന്ത്രിച്ചു നിര്‍ത്താനും നിശ്ശബ്ദമാക്കാനും വേണ്ടിയാണെന്ന് ഉറപ്പിക്കേണ്ടിവരും. മുമ്പെന്നപോലെ തേജസ് മാനേജ്‌മെന്റ് ഇപ്പോഴും അതിനു വഴങ്ങിക്കൊടുത്തുകൂടാ. ജനാധിപത്യ വിശ്വാസികള്‍ പത്രത്തിനൊപ്പം ഉണ്ടാകും- കരുതലും കരുത്തുമായി.
ജോര്‍ജ് വാഷിങ്ടന്റെ വാക്കുകള്‍ ചരിത്രത്തില്‍ ഇങ്ങനെ മുഴങ്ങുന്നു: ''അഭിപ്രായ സ്വാതന്ത്ര്യം എടുത്തുകളഞ്ഞാല്‍ ഊമകളെപ്പോലെ നമ്മെ നിശ്ശബ്ദരാക്കി ആട്ടിന്‍കൂട്ടങ്ങളെപ്പോലെ അറവുശാലകളിലേക്ക് നയിക്കാനാകും.'' അതിനു നാം നിന്നുകൊടുത്തുകൂടാ. ി

RELATED STORIES

Share it
Top