നിര്‍ണായക ആരോപണങ്ങള്‍ക്ക് തെളിവില്ലവാഗമണ്‍ കേസ്: ഡോ. ആസിഫിന് നഷ്ടമായത് എട്ടര വര്‍ഷം

പി എം അഹ്മദ്
കോട്ടയം: വാഗമണ്‍ സിമി ക്യാംപ് കേസില്‍ കുറ്റാരോപണങ്ങള്‍ക്കു തെളിവില്ലെന്നു കണ്ടെത്തി വെറുതെ വിട്ട കേസില്‍ 13ാം പ്രതിയായി ചേര്‍ത്തിരുന്ന ഡോ. മുഹമ്മദ് ആസിഫിന് നഷ്ടമായത് തന്റെ ആതുരസേവനരംഗത്തെ വിലപ്പെട്ട എട്ടര വര്‍ഷം. എംബിബിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് 2007ല്‍ കര്‍ണാടകയിലെ ഹൂബ്ലി കേസില്‍പ്പെടുത്തി ആസിഫിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്.
ബൈക്ക് മോഷണമായിരുന്നു ആസിഫിനെതിരേ ചുമത്തിയിരുന്നത്. പിടിച്ചെടുത്ത ബൈക്ക് ആസിഫിന്റെ സ്വന്തമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഹൂബ്ലി ഗൂഢാലോചനക്കേസില്‍ നിരപരാധികളാണെന്നു കണ്ടെത്തി പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും കോടതി വെറുതെ വിട്ടു. തുടര്‍ന്നാണ് ഡോ. ആസിഫിനെ വാഗമണ്‍ കേസില്‍ പ്രതിചേര്‍ത്തത്. 2009 ആഗസ്ത് 13ന് അറസ്റ്റിലായ ആസിഫ് നാളിതുവരെ ജയിലിലായിരുന്നു.
ഇദ്ദേഹം നിരപരാധിയാണെന്നും യോഗം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ആസിഫ് ഹൗസ് സര്‍ജന്‍സിയില്‍ ആയിരുന്നെന്നും വ്യക്തമാക്കിയെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഇദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഹൂബ്ലി കേസിലും വാഗമണ്‍ കേസിലും കുറ്റവിമുക്തനാക്കപ്പെട്ട ഡോ. ആസിഫിന് ഒരു ദശാബ്ദത്തിലധികം നീണ്ട ജയില്‍വാസമാണ് ബാക്കിയാവുന്നത്.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ നിരോധിത സംഘടനയായ സിമിയുടെ യോഗം വാഗമണിനു സമീപം തങ്ങള്‍പാറയില്‍ ചേര്‍ന്നെന്നായിരുന്നു കുറ്റാരോപണം. 2008 ജൂണ്‍ 19ന് അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ആര്‍ കെ കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു വാഗമണ്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആര്‍ കെ കൃഷ്ണകുമാറിനെതിരേ സംഘപരിവാര സഹയാത്രികനാണെന്ന ആരോപണം മുമ്പേ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലവും ആലുവ യുസി കോളജില്‍ പഠിച്ചിരുന്ന കാലത്തെ എബിവിപി ബന്ധവും ഇതിനു തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ, ഈ കേസിനെക്കുറിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു.
ആദ്യം ലോക്കല്‍ പോലിസിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് 2008ല്‍ രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്ന കേസുകളെല്ലാം പുനരന്വേഷിക്കുന്നതിന് ഡിഐജി ടി കെ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് 2009 ഡിസംബര്‍ 24ന് കേസ് എന്‍ഐഎ ഏറ്റെടുത്തു. 2011ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വാഗമണ്‍ സിമി ക്യാംപ് കേസില്‍ 18 പേര്‍ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി 17 പേരെ വെറുതെ വിട്ടു. ഇതില്‍ പ്രതികള്‍ക്കെതിരേ ആരോപിക്കപ്പെട്ട നിര്‍ണായകമായ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
രാജ്യദ്രോഹക്കുറ്റം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യണമെന്ന താല്‍പര്യത്തോടെ ആയുധം ശേഖരിക്കുക, മതസ്പര്‍ധ വളര്‍ത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളായിരുന്നു പ്രതിപ്പട്ടികയിലുള്ളവര്‍ക്കെതിരേ ആരോപിച്ചിരുന്നത്. എന്നാല്‍, ഗൂഢാലോചനക്കുറ്റം ഒഴികെ ഒരു ആരോപണവും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. യുഎപിഎ വകുപ്പിലെ നിരോധിത സംഘടനയില്‍ അംഗമായി, അന്യായമായി സംഘം ചേര്‍ന്നു, സ്‌ഫോടകവസ്തു നിയമപ്രകാരം സ്‌ഫോടകവസ്തു ശേഖരിച്ചു തുടങ്ങിയവ മാത്രമാണ് കുറ്റമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, ശാസ്ത്രീയമായി കുറ്റങ്ങള്‍ തെളിയിക്കാനോ തൊണ്ടിമുതലുകള്‍ ഹാജരാക്കാനോ പ്രോസിക്യൂഷന് ആയില്ല. ഇതോടെ, രാജ്യം ഉറ്റുനോക്കിയ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട പല ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിരിക്കുകയാണ്.
2008നു ശേഷം രാജ്യത്തു നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും സ്‌ഫോടനങ്ങളുടെയും ആസൂത്രണം വാഗമണില്‍ നടന്നെന്നായിരുന്നു ആരോപിച്ചിരുന്നത്.
കേസില്‍ 38 പ്രതികളായിരുന്നു. ഇതില്‍ ഒരാള്‍ ഭോപാലില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. മറ്റൊരു പ്രതിയായ അബ്ദുല്‍ സുബുഹാന്‍ ഖുറേഷിയെ വിചാരണയ്ക്കു ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരേയുള്ള വിചാരണ പിന്നീട് നടത്തും. ഒരാളെ ഇതുവരെയും പിടികൂടാനായില്ല.
കഴിഞ്ഞയിടെ അറസ്റ്റിലായ ഒരാള്‍ക്കെതിരേയുള്ള അന്വേഷണം തുടരുകയാണ്. 35 പേരാണ്  ഹാജരായത്. ഇതില്‍ 17 പേരെ നിരപരാധികളാണെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. 18 പേരുടെ ശിക്ഷ ഇന്നു വിധിക്കും.

RELATED STORIES

Share it
Top