നിരോധിത ലഹരി ഗുളികകളുമായി സിനിമാ നടന്‍ അറസ്റ്റില്‍


തലശ്ശേരി: നിരോധിത ലഹരി ഗുളികകളുമായി സിനിമാ നടനായ യുവാവിനെ എക്‌സൈസ് നാര്‍ക്കോട്ടിക്ക് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപം ബില്ലന്റകത്ത് വീട്ടില്‍ മിഹ്‌റാജ് കാത്താണ്ടിയെ (34)
ആണ് എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. മാരക ലഹരിശേഷിയുള്ള നിരോധിത ഗുളികയായ മെത്തലിന്‍ ഡയോക്‌സി മെത്ത് ആംപ്ഫിറ്റാമിന്റെ ആയിരം മില്ലി ഗ്രാമും
7.5 ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണും കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മോളി, എക്റ്റസി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ലഹരിവസ്തു പാര്‍ട്ടി ഡ്രഗ് ആയാണ് വിദേശത്തും ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ നടത്തപ്പെടുന്ന ഡിജെ പാര്‍ട്ടികളിലും ഉപയോഗിക്കുന്നത്. ഇത് ഒന്നിലേറെ തവണ ഉപയോഗിച്ചാല്‍ കിഡ്‌നി തകരാറിലാവുകയും ശാരീരിക-മാനസിക വിഭ്രാന്തി പോലുള്ള വെല്ലുവിളികള്‍ നേരിടുകയും ചെയ്യും. വേദന സംഹാരിയായി മാത്രം ഉപയോഗിക്കുന്ന ഇത് മൂന്ന് ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ലഭിക്കൂ. ഒരുമാസം മുമ്പ് പഴയങ്ങാടി മാട്ടൂല്‍ ഭാഗത്തുനിന്ന് ഇതേ ലഹരിമരുന്ന് പിടികൂടിയിരുന്നു.
സ്‌കൂള്‍ കുട്ടികളാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാര്‍. തലശ്ശേരിയിലെയും കണ്ണൂരിലെയും നിരവധി ലഹരിമരുന്ന് വില്‍പനക്കാരെക്കുറിച്ച് ഇയാളില്‍നിന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. നിരവധി ആല്‍ബങ്ങളിലും മൂന്നോളം സിനിമകളിലും അഭിനയിച്ചിരുന്നു മിഹ്‌റാജ്. സിനിമ-സീരിയല്‍ മേഖലകളിലും വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉത്തര മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം അംഗങ്ങളായ പി ജലീഷ്, കെ ബിനീഷ്, കണ്ണൂര്‍ എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ സി ദിലിപ്, എം പി സര്‍വജ്ഞന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ടി ശരത്, ഒ ലിമേഷ്, സി പങ്കജാക്ഷന്‍, എക്‌സൈസ് ഡ്രൈവര്‍ പി ഷജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top