നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തുവടകര: നഗരസഭയില്‍ നിരോധിച്ച പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യവിഭാഗം പരിശോധന കൂടുതല്‍ കര്‍ശനമാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,732 കിലോഗ്രാം പ്ലാസ്റ്റിക് കാരി ബാഗുകള്‍, 6,910 ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ് ഒമ്പത് കിലോഗ്രാം സ്‌ട്രൊ, 3,800 ഓളം പ്ലാസ്റ്റിക് ഗ്ലാസുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. സ്ഥാപനങ്ങളില്‍ നിന്ന് 35,540 രൂപ പിഴ ഈടാക്കിക്കഴിഞ്ഞു. പിഴ ഒടുക്കി കുറ്റം രാജിയാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ അറിയിച്ചു. ഇന്നലെ മാര്‍ക്കറ്റ് റോഡില്‍ നടത്തിയ പരിശോധനയില്‍ അമീന്‍ ട്രേഡേഴ്‌സ്, പത്തേമാരി റഫയ്യ ഫുട് വെയര്‍ എന്നീ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഡിസ്‌പോസിബ്ള്‍ ഗ്ലാസ്, പ്ലെയ്റ്റ്, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും. മുഴുവന്‍ പൊതുജനങ്ങളും കച്ചവട സ്ഥാപനങ്ങളും നിയമം പാലിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുകയും സഹകരിക്കുകയും ചെയ്യണമെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ഷജില്‍കുമാര്‍, ടികെ പ്രകാശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് ബിനോജ്, ടിപി ബിജു, ഒ സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ കണ്ടിജന്റ് ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top