നിരോധനത്താല്‍ സംഘടനകള്‍ ഇല്ലാതാവില്ല: കാന്തപുരം

കോഴിക്കോട്: നിരോധനംകൊണ്ട് സംഘടനകള്‍ ഇല്ലാതാവില്ലെന്നും പോപുലര്‍ ഫ്രണ്ട് നിരോധിക്കണമോ വേണ്ടയോ എന്നു പറയേണ്ടത് സര്‍ക്കാരാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍.
തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമ കാംപയിന്‍ സംഘടിപ്പിക്കും. നേരത്തേ നിരോധിച്ച സംഘടനകള്‍ പലതും തിരിച്ചുവന്നിട്ടുണ്ട്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ ശൈലി. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സംഘത്തില്‍ നിന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ ഉദ്ഭവം. മുസ്‌ലിം സമുദായം പ്രതിരോധത്തിന് ആരെയും തിരഞ്ഞെടുത്തിട്ടില്ല. ഏതെങ്കിലും വിഭാഗത്തെ ഒറ്റിക്കൊടുക്കാനോ ഒറ്റപ്പെടുത്താനോ ഞങ്ങളില്ല. ഖുര്‍ആന്‍ ഭീകരവാദത്തിന് ഒരിക്കലും പ്രാധാന്യം നല്‍കിയിട്ടില്ല. പോപുലര്‍ ഫ്രണ്ടിനെതിരേയെന്നല്ല ഒരു സംഘടനയെയും തങ്ങള്‍ ഭയക്കുന്നില്ല. ആയത്തും ഹദീസും പോപുലര്‍ ഫ്രണ്ട് പറയുമ്പോള്‍ തെറ്റിദ്ധരിച്ചു പോവുന്നവരുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് വിശദീകരിക്കാനാണ് സമസ്ത കാംപയിന്‍ സംഘടിപ്പിക്കുന്നത്. മഹാരാജാസ് സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം. പിടികൂടിയവര്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണം.പോപുലര്‍ ഫ്രണ്ടാണോ ഇതില്‍ കുറ്റക്കാരെന്നു കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. സ്വാമി അഗ്‌നിവേശിനെതിരേയുള്ള അക്രമം അപലപനീയമാണ്. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കണമെന്നും വര്‍ഗീയ ചേരിതിരിവിന് ആരും തയ്യാറാവരുതെന്നും കാന്തപുരം അഭ്യര്‍ഥിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എല്‍ അലി അബ്ദുല്ല, എസ്‌വൈഎസ് സെക്രട്ടറി എസ് ശറഫുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top