നിരീക്ഷണ വലയമോ?: സാമൂഹികമാധ്യമ നിരീക്ഷണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രിംകോടതി. വ്യക്തികളുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുന്നത് ഇന്ത്യയെ ഭരണകൂട നിരീക്ഷണവലയത്തിനകത്ത് ആക്കുന്നതുപോലെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
വാട്‌സ്ആപ്പ് മെസേജുകള്‍ അടക്കം ചോര്‍ത്താനുള്ള സംവിധാനത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് നിരീക്ഷണ ഭരണകൂടത്തെ സൃഷ്ടിക്കുന്നതിന് സമാനമാണ്. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ആഗസ്ത് മൂന്നിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.
സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മൊയ്ത്ര നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജില്ലാ അടിസ്ഥാനത്തില്‍ സാമൂഹികമാധ്യമ ഹബ്ബുകള്‍ രൂപീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭനടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി മൊയ്ത്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. ആഗസ്ത് 20 മുതല്‍ ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഹബ്ബുകളുടെ സഹായത്തോടെ സാമൂഹികമാധ്യമ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സിങ്‌വി വ്യക്തമാക്കി.
വ്യക്തികളുടെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ക്ക് പുറമെ ഇ-മെയില്‍ അക്കൗണ്ടുകളിലെ വിവരങ്ങളും നിരീക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഹബ് രൂപീകരിക്കാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കഴിഞ്ഞമാസം 18ന് കോടതി തള്ളിയിരുന്നു.
പദ്ധതിക്കായി സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിന് മന്ത്രാലയത്തിനു കീഴിലുള്ള ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎല്‍) ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു. ബ്ലോഗുകള്‍, വാര്‍ത്തകള്‍ എന്നിവയടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള സാങ്കേതികവിദ്യക്കായാണ് ടെന്‍ഡറില്‍ ആവശ്യപ്പെടുന്നത്. ഹബ്ബില്‍ മാധ്യമപ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തിലാവും നിയമിക്കുക. സാമൂഹിക മാധ്യമങ്ങളെ തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂം എന്ന നിലയ്ക്കാവും ഹബ്ബുകളുടെ പ്രവര്‍ത്തനമെന്നും ടെന്‍ഡര്‍ രേഖകളില്‍ പറയുന്നു.

RELATED STORIES

Share it
Top