നിരാഹാര സമരം പിന്‍വലിച്ചു ഭക്തജനങ്ങള്‍ നാമം ജപിച്ചു പിരിഞ്ഞു

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ നെറ്റിപ്പട്ടം ഉരുക്കാനുള്ള ഗൂഡാലോചനയ്‌ക്കെതിരേ ഭക്തജനങ്ങള്‍ ഒരു ദിവസം നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരുന്നു.
നീക്കം കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് നിരാഹാര സമരം മാറ്റി പകരം ഇന്നലെ ഒരു മണിക്കൂര്‍ ക്ഷേത്രത്തിന് മുമ്പില്‍ ഭക്തജനങ്ങള്‍ നാമം ജപിച്ച് പിരിയുകയാണുണ്ടായത്. നെറ്റിപ്പട്ടം ഉരുക്കാനുള്ള ഗൂഡാലോചനയ്‌ക്കെതിരേ രാജകുടുംബാംഗങ്ങളായ ശ്രീകാന്ത് വര്‍മ, സഞ്ജയ് വര്‍മ എന്നിവര്‍ ചേര്‍ന്ന് മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു കോടതി സ്‌റ്റേ ചെയ്തത്.
കൊച്ചി ദേവസ്വം ബോര്‍ഡും തൃപ്പൂണിത്തുറ സേവാ സംഘവും ചേര്‍ന്നാണ് ഒരുമിച്ച് ഉരുക്കാനുള്ള നീക്കം മെനഞ്ഞത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നെറ്റിപ്പട്ടത്തില്‍ വളരെ വില കൂടിയ കല്ലുകളായ മരതകം, ഗേമേതകം തുടങ്ങിയവ പതിച്ചിട്ടുണ്ട്. കൂടാതെ ഇത് പൂര്‍ണമായും സ്വര്‍ണത്തിലാണ് പണിതിരിക്കുന്നത്. രാജഭരണ കാലം മുതല്‍ ഉപയോഗിച്ചുവരുന്ന സ്വര്‍ണ നെറ്റിപ്പട്ടമാണിത്. ഇത് ഉരുക്കി പുതിയ സ്വര്‍ണം ചേര്‍ത്ത് പുതുക്കിപ്പണിയാനാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം.
രാജ ഭരണകാലത്ത് തനി തങ്കത്തില്‍ തീര്‍ത്തതായി രേഖകളുള്ളതും ക്ഷേത്രം കല്ലറയില്‍ സൂക്ഷിച്ച് വന്നതുമായ നെറ്റിപ്പട്ടത്തില്‍ മാറ്റ് കുറഞ്ഞ ഉരുപ്പടികള്‍ ഉള്ളതായി സ്വര്‍ണ പരിശോധനയില്‍ തെളിഞ്ഞതായും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താനോ പോലിസില്‍ കേസ് കൊടുക്കാനോ ദേവസ്വം ഉദ്യോഗസ്ഥരോ ദേവസ്വം ബോര്‍ഡോ ഇതുവരെ താല്‍പര്യം കാണിക്കാത്തതായും ഭക്തജനങ്ങള്‍ ആരോപിക്കുന്നു.
ക്ഷേത്രത്തില്‍ ഉണ്ടായ പതിനഞ്ച് സ്വര്‍ണ നെറ്റി പട്ടങ്ങളില്‍ 14 എണവും കൊച്ചിയിലേക്ക് റയില്‍പാത നീട്ടുന്നതിനുവേണ്ടി രാജര്‍ഷി രാമവര്‍മ മഹാരാജാവിന് വില്‍ക്കേണ്ടിവന്നിട്ടും വൃശ്ചികോല്‍സവ എഴുന്നള്ളിപ്പിനു തൃക്കോട്ട നാള്‍ മുതല്‍ ഉപയോഗിക്കുന്ന സ്വര്‍ണ നെറ്റിപ്പട്ടം വില്‍ക്കാതെ സൂക്ഷിച്ചിരുന്നു. ഈ നെറ്റിപ്പട്ടമാണ് പുരാവസ്തു മൂല്യം പോലും കണക്കാക്കാതെ ഉരുക്കി വന്‍ അഴിമതി നടത്താനുള്ള നീക്കം നടത്തിയത്. കല്ലറയില്‍ സൂക്ഷിക്കുന്ന സ്വര്‍ണച്ചമയങ്ങള്‍ മിനുക്കുന്നതിന് ഉല്‍സവകാലങ്ങളില്‍ പുറത്തെടുക്കാറുണ്ട്. ഈ സമയം ക്രിത്രിമം നടക്കാന്‍ സാധ്യതയുള്ളതായും പറയപ്പെടുന്നു.
രാജ ഭരണത്തിന്റെ അമൂല്യമായ തിരുശേഷിപ്പുകളില്‍ ഒന്നായ സ്വര്‍ണ നെറ്റിപ്പട്ടം ഉരുക്കുന്നതിന് രാജകുടുംബാംഗങ്ങള്‍വരെ എതിരാണ്.
കൂടാതെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇത് ഉരുക്കാനായി കാരണം കണ്ടെത്തിയിരിക്കുന്നത് ഈ നെറ്റിപട്ടം ചില ആനകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ്.
എന്നാല്‍ ചരിത്രം പറയുന്നത് ചെറിയ ആനകള്‍ മുതല്‍ ഗജരാജന്‍ മാര്‍വരെ ഈ നെറ്റി പട്ടം അണിഞ്ഞ് ഉല്‍സവം നടത്തിയിട്ടുണ്ടെന്നുള്ളതാണ്. എന്നാല്‍ ഈ ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടം ക്ലാവ് പിടിച്ചിരുന്നതായി പത്രങ്ങളില്‍ വാര്‍ത്തയായതായിരുന്നു.

RELATED STORIES

Share it
Top