നിരാലംബര്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കിയ അബൂബക്കര്‍ ഇനി ഓര്‍മ

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: ക്ലാവുപിടിച്ച പൊന്നാനി പഴയ അങ്ങാടിയിലെ നിരപ്പലകകള്‍ തുറന്നുവച്ച അബൂബക്കറിന്റെ മെഡിക്കല്‍ ഷോപ്പ് ഇനി തുറക്കില്ല. എത്ര വിലകൂടിയ മരുന്നുകളാണെങ്കിലും സൗജന്യമായി നല്‍കിയിരുന്ന അബൂബക്കര്‍ എന്ന മഹാമനുഷ്യന്‍ ഇനി ഓര്‍മ മാത്രം.
കൊങ്ങണം വീട്ടില്‍ അബൂബക്കര്‍ കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി മരുന്നുകള്‍ സൗജന്യമായി നല്‍കിവന്നിരുന്നു. കനോലി കനാലിന്റെ തീരത്തെ ഒട്ടും അലങ്കാരങ്ങളില്ലാത്ത ഈ കടയിലേക്ക് ദിവസവും ഒത്തിരിപേര്‍ അബൂബക്കറിനെത്തേടി വരുമായിരുന്നു. ഏത് അസുഖങ്ങള്‍ക്കും ഇവിടെ മരുന്നുകള്‍ ലഭിക്കും. അതും സൗജന്യമായി. ഇനി സൗജന്യമായി മരുന്നുകള്‍ നല്‍കാന്‍ അബൂബക്കര്‍ ജീവിച്ചിരിപ്പില്ല. സ്‌നേഹത്തിന്റെ ഔന്നിത്യം വെളിവാക്കുന്ന ശരാശരി പൊന്നാനിക്കാരന്റെ മറ്റൊരുമുഖമായിരുന്നു അബൂബക്കര്‍. പല ദിക്കുകളില്‍നിന്നു തന്നെത്തേടിയെത്തുന്ന രോഗികള്‍ക്കായി ദിവസേന ശരാശരി മുപ്പതിനായിരം രൂപയോളം വിലമതിക്കുന്ന മരുന്നുകള്‍ ഇദ്ദേഹം വിതരണം ചെയ്തിരുന്നു. അബൂബക്കറിന്റെ മരണത്തോടെ സൗജന്യ മരുന്നുകള്‍ ആശ്രയിച്ചിരുന്ന നിരാലംബരായ നൂറുകണക്കിന് രോഗികളാണ് ഒറ്റപ്പെട്ടത്.
മുന്നില്‍ വന്നിരുന്ന് കണ്ണീരോടെ സങ്കടം പറയുന്നവര്‍ക്ക് പലപ്പോഴും മടങ്ങിപ്പോവേണ്ട ബസ് കൂലിയും അബൂബക്കര്‍ നല്‍കിയിരുന്നു. എണ്‍പതുകളില്‍ ടിബിക്കുള്ള മരുന്നു തേടിയായിരുന്നു കൂടുതല്‍ പേരും എത്തിയിരുന്നത്. അതൊരു വല്ലാത്ത കാലമായിരുന്നു. ഇപ്പോള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നു തേടിയാണ് കൂടുതല്‍ പേരും അബൂബക്കറിനെ തേടി വന്നിരുന്നത്.
ഇവിടെ ഇല്ലാത്ത മരുന്നുകള്‍ പുറമേനിന്നു വാങ്ങാന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. കാരുണ്യ യാത്രയില്‍ നിരവധി പുരസ്‌കാരങ്ങളും അബൂബക്കറിനെ തേടിയെത്തിയിട്ടുണ്ട്. യുഎന്‍ഒയുടെ പ്രശസ്തി പത്രവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരവും എല്ലാം അതില്‍ ചിലതു മാത്രം. കുറച്ചുനാള്‍ മുമ്പ് വീട്ടില്‍ തെന്നി വീണ് അബൂബക്കറിന്റെ തുടയെല്ല് തകര്‍ന്നു.
സര്‍ജറി കഴിഞ്ഞു കിടക്കുമ്പോഴും മരുന്നു വിതരണം അബൂബക്കര്‍ മുടക്കിയിട്ടില്ല. സാംപിളുകള്‍ മറ്റുള്ളവരെ വിട്ട് എടുപ്പിച്ചു. കിടന്നുകൊണ്ട് മരുന്നുകള്‍ എടുത്തുവച്ചു. ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ, അബൂബക്കര്‍ പഴയതിനേക്കാള്‍ മിടുക്കനായി പഴയപോലെ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ മെഡിക്കല്‍ ഷോപ്പിലെത്തുമായിരുന്നു. ഇനിയൊരിക്കലും തിരികെ വരാത്തൊരിടത്തേയ്ക്ക് അബൂബക്കര്‍ യാത്രയായിരിക്കുന്നു. പൊന്നാനി അങ്ങാടിയിലെ ആ മരപ്പലകകള്‍ ഇനിയൊരിക്കല്‍ കൂടി തുറക്കുന്നതും കാത്തിരിക്കുകയാണ് നിരാലംബരായ രോഗികള്‍.

RELATED STORIES

Share it
Top