നിരായുധീകരണത്തിന് തയ്യാര്‍: കിം ജോങ് ഉന്‍

ബെയ്ജിങ്: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. ആണവ നിരായുധീകരണത്തിന് താന്‍ പ്രതിജ്ഞാബദ്ധമാണെന്നു കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ദക്ഷിണ കൊറിയയുമായും യുഎസുമായുമുള്ള ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയ തയ്യാറെടുക്കുന്നതിനിടെയാണ് കിം-ജിന്‍പെങ് കൂടിക്കാഴ്ച.
തങ്ങളുടെ ശ്രമങ്ങളോട് യുഎസും ദക്ഷിണ കൊറിയയും അനുഭാവപൂര്‍വം പ്രതികരിച്ചാല്‍ കൊറിയന്‍ ഉപദ്വീപിലെ അണ്വായുധ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നു കിം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കിം ജോങ് ഉന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ചൈനീസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രണ്ടു ദിവസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ചൈനയ്ക്കു പുറമേ ഉത്തര കൊറിയയും വാര്‍ത്ത സ്ഥിരീകരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയിലൂടെയാണ് ഉത്തര കൊറിയയുടെ സ്ഥിരീകരണം. എന്നാല്‍, ആണവ നിരായുധീകരണത്തിന്് കിം സന്നദ്ധത അറിയിച്ചത് സംബന്ധിച്ച് കെസിഎന്‍എ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. ഞായറാഴ്ച ചൈനയിലെത്തിയ ഉത്തര കൊറിയന്‍ പ്രസിഡന്റ് ഇന്നലെയാണ് മടങ്ങിയതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
2011ല്‍ അധികാരമേറ്റ ശേഷമുള്ള, കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിതെന്നാണ് കരുതുന്നത്. ബെയ്ജിങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ വച്ചായിരുന്നു കിം-ജിന്‍പെങ് കൂടിക്കാഴ്ച. കിമ്മിന്റെ പത്‌നി റി സോല്‍ ജുവും സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു. കിമ്മിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തങ്ങളെ ബന്ധപ്പെട്ടതായി യുഎസ് അറിയിച്ചു.

RELATED STORIES

Share it
Top