നിരവധി യാത്രികരെ മരണത്തില്‍ നിന്നു രക്ഷിച്ച് അഗുങ് യാത്രയായി

ജക്കാര്‍ത്ത: ഭൂചലനത്തിലും സുനാമിയിലും 100കണക്കിനു പേര്‍ മരിച്ച ഇന്തോനീസ്യയില്‍ 100ലധികം വിമാന യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച അഗുങ് എന്ന 21കാരന് ഒടുവില്‍ ജീവന്‍ നഷ്ടമായി.
സ്വന്തം ജീവന്‍ പണയംവച്ച് ഒരു വിമാനത്തിലെ യാത്രികരെ രക്ഷിച്ച ആന്റോണിയസ് ഗുണവാന്‍ അഗുങിന്റെ ധീരതയെ വാഴ്ത്തുകയാണ് ഇന്തോനീസ്യ.
മ്യൂട്ടിയാര സിസ് അല്‍ ജുഫ്രി എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ ടവര്‍ ജീവനക്കാരനാണ് അഗുങ്. ഭൂകമ്പത്തില്‍ വിമാനത്താവളം തകരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏക ജീവനക്കാരനായിരുന്നു അഗുങ്. കണ്‍ട്രോള്‍ ടവര്‍ തകരാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അവിടെ നിന്നു പറന്നുയരുന്ന വിമാനത്തിന് ശരിയായ ദിശ കാണിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു അഗുങ്. ഇതെല്ലാം നടക്കുമ്പോള്‍ ടവര്‍ ഭൂകമ്പത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ അഗുങ് തന്റെ ജോലി കൃത്യമായി നിര്‍വഹിച്ചു.
വിമാനം ഉയര്‍ന്ന് പൊങ്ങിയതോടെ ടവറിന്റെ നാലാം നിലയില്‍ നിന്ന് അഗുങ് താഴേക്ക് ചാടി. കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീഴുമെന്ന ധാരണയിലായിരുന്നു ഇത് ചെയ്തത്. വീഴ്ചയില്‍ കാലുകള്‍ ഒടിയുകയും അഗുങിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികില്‍സയ്ക്കായി അഗുങിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.RELATED STORIES

Share it
Top