നിരവധി തട്ടിപ്പു കേസുകളിലെ പ്രതി എടക്കരയില്‍ പോലിസ് പിടിയില്‍

എടക്കര: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി എടക്കര പോലിസിന്റെ പിടിയിലായി. എറണാകുളം പറവൂര്‍ മുത്തക്കുന്ന് കൂത്താട്ടുകര പറമ്പത്തേരില്‍ ധനവാന്‍എന്ന ദാനശീലന്‍ എന്ന വേണു(63) ആണ് എടക്കര പോലിസിന്റെ പിടിയിലായത്. ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിയായ എംസിസി കണ്‍സ്ട്രക്ഷന്‍ ഉടമ നൂറുദ്ദീന്റെ പരാതിയില്‍ നടത്തിയ അനേ്വഷണത്തിലാണ് പ്രതി വലയിലായത്. തട്ടിപ്പ് നടത്തിയ ശേഷം തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ പാലക്കാടുള്ള ജ്വല്ലറികളില്‍ ഇടപാടുകള്‍ക്കായി ഇടയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ എടക്കര സിഐ സുനില്‍ പുളിക്കല്‍, പാലക്കാട് ഷാഡോ. പോലിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. 2017-ഡിസംബറില്‍ എടക്കരയില്‍ ആഢംബര വീട് വാടകയ്ക്ക് എടുത്ത് അമേരിക്കയില്‍ നടന്നു തിരിച്ചെത്തിയ ആളാണെന്ന് പറഞ്ഞ് ഇടനിലക്കാരുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഡോളര്‍, റിയാല്‍ ബിസ്‌നസ് നടത്തിവരികയാണെന്നാണ് ഇയാള്‍ ആളുകളെ ധരിപ്പിച്ചിരുന്നത്. ഇടനിലക്കാര്‍ മുഖേന വീട് കച്ചവടത്തിനായെന്ന വ്യാജേനയാണ് ഇയാള്‍ നൂറുദ്ദീനെ സമീപിക്കുന്നത്. ചൈനയില്‍ നിന്നു സ്മാര്‍ട്ട് ഫോണുകളും, കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്ന ബിസ്‌നസില്‍ പങ്കാളിയാക്കാമെന്ന് ധരിപ്പിച്ച് കോടികള്‍ വിലമതിക്കുന്ന ബില്‍ഡിംഗും, ഭൂസ്വത്തുക്കളും തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമം നടത്തി. നൂറുദ്ദീന് നിര്‍മാണ പ്രവര്‍ത്തികളില്‍ കെട്ടിട ഉടമകളില്‍ നിന്നു ലഭിച്ച ചെക്കുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു. അതില്‍ ഒരു ചെക്കില്‍ ഇരുപത് ലക്ഷവും, മറ്റൊന്നില്‍ പതിനഞ്ച് ലക്ഷവും എഴുതിച്ചേര്‍ത്ത് പണ് തട്ടാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പണം ലഭിക്കാതെ വന്നപ്പോള്‍ ചുങ്കത്തറയിലെ ഒരു വീട്ടമ്മ നല്‍കിയ ചെക്കില്‍ സംഖ്യ രേഖപ്പെടുത്തി മകന്‍ അരുണ്‍ സാഗറിന്റെ പേരില്‍ എറണാകുളത്തുള്ള വക്കീല്‍ മുഖാന്തിരം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വീട്ടമ്മയ്ക്ക് വക്കീല്‍ നോട്ടീസ് വന്നപ്പോഴാണ് ദാനശീലന്റെ തട്ടിപ്പുകള്‍ പുറത്തുവന്നത്. വാടകയ്‌ക്കെടുത്ത വീട്ടുകാരുമായുണ്ടാക്കിയ കരാറിലെ വിലാസവും, ഒരു ഫോണ്‍ നമ്പരും, എടക്കര ടൗണിലെ ചില സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പിന്‍തുടര്‍ന്നാണ് പോലിസ് ഇയാളെ തന്ത്രപരമായി കുടുക്കിയത്. മോഷണം, തട്ടിപ്പ് കേസുകളില്‍ 1973 മുതല്‍ ഇയാള്‍ വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ മുഴുവന്‍ ജില്ലകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ കോടികള്‍ വിലമതിക്കുന്ന ആഢംബര വീടും, നോര്‍ത്ത് പറവൂരില്‍ കെടാമംഗലത്ത് ഏക്കര്‍ കണക്കിന് ഫാം ഹൗസും, ഷോപ്പിംങ കോംപ്ലക്‌സും, പാലക്കാട്, ഗോപാലപുരം, പൊള്ളാച്ചി, എറണാകുളം, കാട്ടനാട് എന്നിവിടങ്ങളില്‍ ഭൂസ്വത്തുമുണ്ട്. തട്ടിപ്പുകളിലൂടെ സമ്പാദിച്ചതാണിവയെല്ലാമെന്ന് പോലിസ് പറഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുമ്പോള്‍ കപ്പലില്‍ നിന്നു വിദേശ വസ്തുക്കള്‍ അനധികൃതമായി പുറത്തെത്തിച്ച് പകരം മയക്ക് മരുന്ന് കയറ്റി അയക്കാന്‍ ശ്രമിച്ച കേസിലാണ് ആദ്യമായി ജയിലിലെത്തുന്നത്. 2015-ല്‍ കോഴിക്കോട് കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാരാണെന്ന് ധരിപ്പിച്ച് കോഴിക്കോട്ടെ മൊബൈല്‍ ഷോപ്പില്‍ നിന്നു ലക്ഷങ്ങളുടെ ആപ്പിള്‍ ഫോണ്‍ തട്ടിയെടുത്തിട്ടുണ്ട്. പറവൂരില്‍ പരിചയക്കാരന്റെ കാലാവധി പൂര്‍ത്തിയായ ഫിക്‌സഡ് ഡെപ്പോസിറ്റ് വ്യജ രേഖയുണ്ടാക്കി തട്ടിയെടുത്ത കേസിലും, മാനന്തവാടി മുത്തൂറ്റ് ശാഖയില്‍ തട്ടിപ്പ് നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഫൈനാന്‍സ് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇയാളുടെ ഭാര്യയും മകനും പ്രതിയാണ്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി അടുത്ത ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സി ഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സജിത്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംണങ്ങളായ എം അസൈനാര്‍, സീനിയര്‍ സിപിഒ അനില്‍കുമാര്‍, രാജേഷ് കുട്ടപ്പന്‍, ഇ ജി പ്രദീപ് എന്നിവരാണ് കേസനേ്വഷണം നടത്തുന്നത്.

RELATED STORIES

Share it
Top