നിരവധി ഡാമുകള്‍ തുറന്നു; തീരങ്ങളില്‍ ജാഗ്രത

തൊടുപുഴ/പത്തനംതിട്ട/തൃശൂര്‍/പടിഞ്ഞാറത്തറ: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ നിരവധി ഡാമുകള്‍ തുറന്നു. വയനാട്ടിലെ ബാണാസുരസാഗര്‍, പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍, തൃശൂര്‍ ജില്ലയിലെ പീച്ചി, ചിമ്മിനി തുടങ്ങിയ ഡാമുകളാണ് ഇന്നലെ തുറന്നത്. കോഴിക്കോട് കക്കയം, തെന്മല പരപ്പാര്‍, അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു.
വയനാട്ടിലെ ബാണാസുര സാഗറിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ആണ് തുറന്നത്. സെക്കന്‍ഡില്‍ 8.5 ക്യുബിക്മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമില്‍ 771.6 മീറ്റര്‍ വെള്ളമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 775.6 മീറ്ററാണ് പരമാവധി ശേഷി.
പീച്ചി ഡാമിന്റെ 4 ഷട്ടര്‍ ഇന്നലെ വൈകീട്ട് 4ന് 10 ഇഞ്ച് തുറന്നു. ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകള്‍ 25 സെന്റിമീറ്ററും തുറന്നു. ചാലക്കുടിപ്പുഴയില്‍ ജലവിതാനം മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്.
കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്നലെ ഉച്ചയോടെ തുറന്നു. പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മൂഴിയാര്‍ ഡാം തുറക്കുന്നതു മൂലം കക്കാട്ടാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘവും പത്തനംതിട്ടയിലെത്തി. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപ്പെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും. ഇന്നലെ ഉച്ചയോടെ തുറക്കാനാണ് തീരുമാനിച്ചതെങ്കിലും ജലനിരപ്പ് കുറഞ്ഞതിനാല്‍ ഉയര്‍ത്തിയില്ല. ഇന്ന് രാവിലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ഡാം തുറക്കുക. മധ്യഭാഗത്തെ ഷട്ടര്‍ 40 സെ.മീ ഉയര്‍ത്തി 50 ക്യൂബിക് വെള്ളം തുറന്നുവിടും.

RELATED STORIES

Share it
Top