നിരവധി കേസുകളില്‍ പ്രതി ; യുവാവിനെതിരേ കാപ്പ ചുമത്തിചങ്ങനാശ്ശേരി: പൊതുജനങ്ങളുടെ സമാധാനം തകര്‍ക്കുകയും മരണത്തിനു കാരണമാവും വിധം ആയുധങ്ങള്‍ ഉപയോഗിക്കുകയും കൊണ്ടുനടക്കുകയും ചെയ്തതിനെ തുടര്‍ന്ന് അയ്മനം കോട്ടുമല ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മിഥുന്‍ തോമസിനെ (29) ചങ്ങനാശ്ശേരി പോലിസ് അറസ്റ്റു ചെയ്തു. കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയ ഇയാളെ ആറുമാസത്തേക്കു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കൊലപാതകം, കൊലപാതകശ്രമം, അടിപിടി, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. തുരുവല്ലാ, കോയിപ്രം ഈസ്റ്റ്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. കോട്ടയം എസ്പി എം കെ രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ചങ്ങനാശ്ശേരി എസ്‌ഐ എം കെ ഷെമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കാപ്പ പ്രകാരമാണ് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെയും കാപ്പ ചുമത്തി ഇയാളെ ജയിലില്‍ അടച്ചിരുന്നു. കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാള്‍ ചങ്ങനാശ്ശേരിയിലെ ഗുണ്ടാ സംഘങ്ങള്‍ക്കും നേതൃത്വം നല്‍കിവന്നിരുന്നതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top