നിരപരാധികളെ പീഡിപ്പിക്കുന്നതായി പരാതി

പെരുമ്പാവൂര്‍: അഭിമന്യു വധവുമായി ബന്ധപ്പെട്ട് പോലിസ് നിരപരാധികളെ പീഡിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി ഇതിന്റെ പേരില്‍ നിരവധി പേരെയാണ് പോലിസ് കരുതല്‍ തടങ്കല്‍ എന്ന പേരില്‍ തടഞ്ഞ് വച്ചിട്ടുള്ളതും വിളിച്ച് വരുത്തി പീഡിപ്പിച്ചിട്ടുള്ളതും. തിരശ്ശീല വീഴാത്ത ഈ നാടകങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ജോലിക്കു പോവാനോ വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങാനോ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാരും രാത്രികാലങ്ങളില്‍ റെയ്ഡ് എന്ന പേരില്‍ വീടുകളില്‍ പോലിസിന്റെ വിളയാട്ടമാണെന്നും വീട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി കുറുപ്പുംപ്പടി വേങ്ങൂരില്‍ റെയ്ഡ് എന്ന പേരില്‍ വന്‍ സന്നാഹവുമായെത്തിയ പോലിസിനെ കണ്ട് ഭയന്ന് ബോധം കെട്ടുവീണ വീട്ടമ്മയെ പോലിസ് ജീപ്പില്‍ കോതമംഗലത്തെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികില്‍സ നല്‍കിയ സംഭവം വരെയുണ്ടായി. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കും വിധം ഭീകരവാദ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരിശോധനയും ചോദ്യംചെയ്യലും സാധാരണ പൗരന്മാരുടെ അവകാശങ്ങളെ നിഷേധിക്കുന്ന നടപടിയാണ്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യുകയും തങ്ങളുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്യുക എന്ന തന്ത്രമാണ് സിപിഎം ഇവിടെ പയറ്റുന്നത്.

RELATED STORIES

Share it
Top