നിരത്തുകള്‍ കൈയടക്കി നാല്‍ക്കാലികള്‍

പാലക്കാട്: നഗരത്തിലെ നിരത്തുകള്‍ കീഴടക്കി നാല്‍ക്കാലികള്‍ അലഞ്ഞു തിരിയുമ്പോഴും ഇവയെ പിടിച്ചുകെട്ടാനുള്ള ഭരണകുടത്തിന്റെ നടപടികള്‍ കടലാസില്‍ത്തന്നെ. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കാലികളെ പിടിച്ചുകെട്ടാന്‍ കൊപ്പത്ത് ആല നിര്‍മ്മിച്ചിരുന്നെങ്കിലും ഇവിടെയിപ്പോള്‍  നാല്‍ക്കാലികള്‍ പോയിട്ട് എട്ടുകാലികള്‍ പോലുമില്ലാത്ത സ്ഥിതിയാണ്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ കാലിപിടിത്തത്തിന് നൂതന ആശയങ്ങളുമായി രംഗത്തെത്തിയിരുന്നു.
നഗരത്തില്‍ അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളെ തരംതിരിച്ചു പിഴ തുകയും പ്രഖ്യാപിച്ചിരുന്നു. കാലികളെ പിടിക്കാന്‍ വടക്കന്തറയിലെ ഒരു സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഏറെനാള്‍ കഴിഞ്ഞതോടെ വഴിപാടുകളായിമാറി. ഫലമോ നഗരനിരത്തുകളില്‍ കാല്‍നട-വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നാല്‍ക്കാലികള്‍ വിലസുകയാണ്.
ഒലവക്കോട് ജംഗ്ഷന്‍, മലമ്പുഴ റോഡ്, പുത്തുര്‍ നൂറടി റോഡ്, കല്‍മണ്ഡപം ബൈപാസ്, ചക്കാന്തറ, സ്റ്റേഡിയം സ്റ്റാന്റ്, ജില്ലാശുപത്രി പരിസരം, പട്ടിത്തറ ബൈപാസ്, മേലാമുറി-വലിയകാട് എന്നിവിടങ്ങളില്‍ രാപ്പകലോളം അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളുടെ താവളമാണ്. ഉടമസ്ഥരില്ലാത്ത കന്നുകാലികളെ പിടിച്ചുകെട്ടി പിഴചുമത്തി വിട്ടുകൊടുത്തിരുന്ന നഗരസഭയുടെ പദ്ധതിയിലും ഫലം കണ്ടില്ല. പോലീസ് സ്റ്റേഷനില്‍ വരെ നേരത്തെ കന്നുകാലികളെ പിടിച്ചുകെട്ടിയിരുന്നു.
ഇരുചക്രവാഹനങ്ങളാണ് കൂടുതലും നാല്‍ക്കാലികളുടെ ശല്യത്തില്‍ അപകടത്തിലാവുന്നത്. പകല്‍ സമയത്ത്  നഗരനിരത്തുകളില്‍ അലയുന്ന കന്നുകാലികളെ കൊണ്ടുപോവാന്‍ സന്ധ്യമയങ്ങിയാലും ഉടമസ്ഥരെത്താറില്ല. എന്നാല്‍ നഗരസഭ പിടിച്ചുകെട്ടിയിടുന്ന കന്നുകാലികളുടെ ഉടമസ്ഥരെത്താത്തതാണ് നഗരസഭയുടെ പദ്ധതിയെ അട്ടിമറിച്ചത്.
തിരക്കേറിയ കവലകളിലും റോഡുകളിലും സംഘമായി കന്നുകാലികള്‍ ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടില്‍ ഗതാഗതതടസ്സം സൃഷ്ടിക്കുമ്പോള്‍ വാഹനയാത്രക്കാര്‍ നിസ്സഹായരാവുകയാണ്. നായപിടുത്തവും നാല്‍ക്കാലി പിടുത്തവുമൊക്കെ പ്രഖ്യാപവത്തിലെത്തിയപ്പോള്‍ നഗരനിരത്തുകളില്‍ സാധാരണക്കാരെ സൈ്വര്യം കെടുത്തി  നാല്‍ക്കാലികള്‍ വാഴുകയാണ്.

RELATED STORIES

Share it
Top