നിയമോപദേശകരുടെ അധികാരം വെട്ടിച്ചുരുക്കി വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: വിജിലന്‍സ് നിയമോപദേശകരുടെ അധികാരം വെട്ടിച്ചുരുക്കി ഡയറക്ടറുടെ പുതിയ ഉത്തരവ്. നിയമോപദേശം അനിവാര്യമല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനു തള്ളാമെന്നാണു പുതിയ ഉത്തരവ്. നിയമോപദേശം അഭിപ്രായം മാത്രമായി പരിഗണിച്ചാല്‍ മതിയെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഉത്തരവ് സുപ്രധാന കേസുകളെ ബാധിക്കുമെന്നാണു നിയമോപദേഷ്ടാക്കള്‍ വ്യക്തമാക്കുന്നത്.
വിജിലന്‍സ് അന്വേഷിക്കുന്ന പരാതികളിലും കേസുകളിലും നിയമോപദേശം തേടി തുടര്‍ നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന രീതി. സുപ്രധാന കേസുകളിലെ അന്വേഷണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വിജിലന്‍സ് നിയമോപദേശകരുടെ അഭിപ്രായം പരിഗണിച്ചായിരുന്നു.
വിജിലന്‍സ് മാന്വല്‍ പ്രകാരം പിന്തുടരുന്ന ഈ നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതാണു വിജിലന്‍സ് ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താനയുടെ സര്‍ക്കുലര്‍. നിയമോപദേഷ്ടാക്കളുടെ ഉപദേശം ലഭിച്ചാലും ഇതു തള്ളാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുമെന്നു സര്‍ക്കുലറില്‍ പറയുന്നു. ഡയറക്ടറുടെ ഉത്തരവു സുപ്രധാന കേസുകളെ ബാധിക്കുമെന്നാണു നിയമോപദേഷ്ടാക്കളില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഏഴു അഭിഭാഷകരാണു വിജിലന്‍സിന്റെ നിയമോപദേഷ്ടാക്കളായി പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top