നിയമസഭ പ്രമേയം പാസാക്കി : പ്രവാസി പുനരധിവാസവും പ്രത്യേക വരള്‍ച്ചാ പാക്കേജുംതിരുവനന്തപുരം: സൗദി അറേബ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവല്‍കരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന മലയാളികള്‍ക്ക് അതാതു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ബന്ധപ്പെട്ട് തൊഴില്‍ പുനരധിവാസം സാധ്യമാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നു നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇളവുകളും പ്രവാസികള്‍ക്ക് നല്‍കണം. കെ വി അബ്ദുല്‍ഖാദര്‍ അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്റെ ചുവടുപിടിച്ച് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനാണ് ഇതുസംബന്ധിച്ച ഔദ്യോഗികപ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള നോര്‍ക്ക വകുപ്പില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിക്കുന്ന ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. അനൗദ്യോഗിക പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിച്ചതും നഴ്‌സ് റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴിയാക്കിയതും യുഡിഎഫ് സര്‍ക്കാരാണ്. വിദേശത്ത് സാധാരണ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കൂള്‍, കോളജ് പ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവധി സമയങ്ങളിലെ വിമാനക്കൂലി വര്‍ധനവിനെതിരേ കര്‍ക്കശ നടപടി വേണമെന്നും പി ടി ആവശ്യപ്പെട്ടു. സംസ്ഥാനം നേരിടുന്ന അഭൂതപൂര്‍വമായ വരള്‍ച്ചയെ നേരിടാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കണമെന്നും സഭ മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇ ടി ടൈസണിന് വേണ്ടി മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കാമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. സഭ ഏകകണ്ഠമായാണു പ്രമേയങ്ങള്‍ പാസാക്കിയത്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതും അമിത ഫീസ് ഈടാക്കുന്നതും നിയന്ത്രിക്കാ ന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സി മമ്മൂട്ടി അവതരിപ്പിച്ചു. ഇതു തുടര്‍ചര്‍ച്ചയ്ക്കായി മാറ്റിവച്ചു.

RELATED STORIES

Share it
Top