നിയമസഭാ തിരഞ്ഞെടുപ്പ്‌നികേഷ്‌കുമാറിനെ തോല്‍പിക്കാന്‍ വിതരണം ചെയ്്ത വിവാദ ലഘുലേഖ പുറത്ത്

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാറിനെ തോല്‍പിക്കാന്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പേരില്‍ വീടുകളില്‍ വിതരണം ചെയ്ത വിവാദ ലഘുലേഖ പുറത്തായി.
തിരഞ്ഞെടുപ്പിന്റെ സമയത്ത് നികേഷിനെതിരേ മണ്ഡലത്തില്‍ അപകീര്‍ത്തികരമായ എട്ടോളം ലഘുലേഖകള്‍ പ്രചരിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരേ എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം പ്രകാശന്‍ മാസ്റ്റര്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജിക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കുകയുണ്ടായി. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ വളപട്ടണം പോലിസ് നടത്തിയ പരിശോധനയില്‍ ലഘുലേഖകള്‍ പിടിച്ചെടുക്കുകയും കെ എം ഷാജിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം അറഫാത്ത് ഉള്‍പ്പെടെ ചില ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ 20ഓളം കേസുകള്‍ നിലവിലുണ്ട്.  പോലിസ് പിടിച്ചെടുത്ത ലഘുലേഖകള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് ഹസീബ് എന്ന യുവാവാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ പ്രസദ്ധീകരിച്ച ലഘുലേഖയില്‍ കെ എം ഷാജിയുടെ ചിത്രവും തിരഞ്ഞെടുപ്പ് ചിഹ്നവും ഉണ്ട്.  കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കുവേണ്ടി കാവല്‍ തേടുന്ന ഒരു മുഅ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജിയെ വിജയിപ്പിക്കാന്‍ എല്ലാ മുഅ്മിനീങ്ങളും അല്ലാഹുവിനോട് പ്രാര്‍ഥിക്കൂ എന്നാണ് ലഘുലേഖയിലെ ആഹ്വാനം. സംസ്ഥാനം ഉറ്റുനോക്കിയ പോരാട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് ഇടത് രാഷ്ട്രീയത്തിലിറങ്ങിയ എം വി നികേഷ് കുമാറിനെ 2462 വോട്ടുകള്‍ക്കാണ് കെ എം ഷാജി പരാജയപ്പെടുത്തിയത്. അതേസമയം, വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top