നിയമസഭയില്‍ പ്രതിഷേധം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിഷേധം. ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ച് അടൂര്‍പ്രകാശ് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ മക്കള്‍ സ്വര്‍ണം പണയം വച്ചു കിട്ടിയ പണം സിപിഐ ഓഫിസിലേക്ക് പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്വര്‍ണം പണയം വച്ചു കിട്ടിയ 63,000 രൂപ കാണാനില്ലെന്ന് വീടു സന്ദര്‍ശിച്ച തന്നോട് സുഗതന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി രമേശ് ചൂണ്ടിക്കാട്ടി. ഇതു സിപിഐയുടെ ഓഫിസിലേക്കാണ് പോയത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സിപിഐ നേതാവായ പി എസ് സുപാല്‍ ആ വീട്ടില്‍ പോയിരുന്നു. എഐവൈഎഫിനാണ് ഇതില്‍ പങ്ക്. ഇതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
ഏതു രാഷ്ട്രീയപ്പാര്‍ട്ടിയാണെങ്കിലും ഇത്തരമൊരു സമരത്തിനു നേതൃത്വം നല്‍കാന്‍ പാടില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. സുഗതന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം അനുവദിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. സിപിഐയുടെ യുവജന സംഘടന പണം ചോദിച്ച് നല്‍കാത്തതുകൊണ്ടാണ് എഐവൈഎഫ് കൊടികുത്തിയതെന്നു കെ എം മാണി ആരോപിച്ചു. സിപിഐയെ പ്രതിപക്ഷം ഒന്നാകെ ആക്രമിച്ചെങ്കിലും പ്രതിരോധത്തിന് സിപിഎം തയ്യാറായില്ല. ഫലത്തില്‍ സിപിഐ സഭയില്‍ ഒറ്റപ്പെട്ടു.

RELATED STORIES

Share it
Top