നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ കുറ്റബോധമുണ്ട്:കെടി ജലീല്‍

പുത്തനത്താണി:13ാം നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒരു അധ്യാപകനായ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും, ഇതില്‍ സങ്കടവും കുറ്റബോധവുമുണ്ടെന്നും മന്ത്രി കെ ടി ജലീല്‍.കല്‍പകഞ്ചേരി ഐരാനി ജി എം എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷം  ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ  തുറന്ന് പറച്ചില്‍.നാടും നാട്ടുകാരും സമൂഹവും ഒരു കാലത്ത് ലോകത്തെ കേട്ടിരുന്നതും കണ്ടിരുന്നതും അധ്യാപകരുടെ കണ്ണിലൂടെയും കാതിലൂടെയുമായിരുന്നു.വൈകാരികതക്ക് ആര് വഴിപ്പെട്ടാലും അധ്യാപകന്‍ അങ്ങിനെയായിക്കൂട.ഒരു നിമിഷത്തെ വൈകാരിക പ്രകടനത്തിന്റെ ഭാഗമായി തന്നില്‍ നിന്നുണ്ടായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.ഓരോ വിദ്യാലയ മുറ്റത്തെത്തുമ്പോഴും അധ്യാപകന്റെ മഹത്വത്തെക്കുറിച്ച് പറയുമ്പോഴും കഴിഞ്ഞു പോയ ഖേദകരമായ സംഭവങ്ങള്‍ തന്നെ വേട്ടയാടാറുണ്ടെന്നും ജലീല്‍ പറഞ്ഞു.ഒരു പൊതു പ്രവര്‍ത്തകന്‍ സാമാജികന്‍ എന്ന നിലയില്‍ ഈ സമരമുറകള്‍ തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഒരു അധ്യാപകന്‍ കൂടിയായ പൊതുപ്രവര്‍ത്തകനില്‍ നിന്നും ഇത്തരമൊരു വീഴ്ച ഉണ്ടാകാന്‍
പാടില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബി പി ഒ ഗോപാലകൃഷ്ണന്‍, ടി പി ബാപ്പുട്ടി,കളളിയത്ത് ശരീഫ്,പി മുയ്തീന്‍,കോട്ടയില്‍ ഷാജിത്ത്, നൗഷാദ്, സൈനബ, റസിയ, ഇബ്രാഹിം, പ്രൊഫ.കെ.വീരാവുണ്ണി, അമൃത സംസാരിച്ചു. വിരമിക്കുന്ന പ്രധാനധ്യാപിക കെ എസ് സുഷ മറുപടി പ്രസംഗം നടത്തി.

RELATED STORIES

Share it
Top