നിയമവിരുദ്ധ ഭൂമിയേറ്റെടുക്കല്‍: ഇരകളെ നിയമസഭയും അവഗണിച്ചു

പി വി മോഹന്‍ദാസ്

എടപ്പാള്‍: യാതൊരു നിയമ നടപടികളും മാനദണ്ഡങ്ങളും പാലിക്കാതെ ഏകപക്ഷീയമായി ഉദ്യോഗസ്ഥര്‍ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുത്ത സംഭവത്തെ സംസ്ഥാന നിയമസഭയില്‍ പോലും അവതരിപ്പിക്കാന്‍ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറായില്ല. കഴിഞ്ഞ രണ്ടു ദിവസമായി കുറ്റിപ്പുറത്ത് നൂറുകണക്കായ പോലിസുകാരുടെ സാനിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ദേശീയപാത സ്ഥലം സര്‍വേയും അതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വന്‍ പ്രതിഷേധവും നിയമസഭയുടെ മുന്നിലെത്തിക്കുന്നതിനു പോലും തയ്യാറാവാത്ത മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ കക്ഷികള്‍ പോലും സംസ്ഥാനത്തെ തങ്ങളുടെ ഏറ്റവും വലിയ വോട്ട് ബാങ്കായ മലപ്പുറം ജില്ലയില്‍ നടന്നുവരുന്ന നിയമവിരുദ്ധ ഭൂ സര്‍വേയ്‌ക്കെതിരേ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല.
ഇത് ഇക്കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് നടത്തുന്ന ഒത്തുതീര്‍പ്പ് നാടകമാണെന്നാണ് തെളിയിക്കുന്നത്. ജില്ലയില്‍ ദേശീയപാത കടന്നുപോവുന്ന വെളിയങ്കോട് മുതല്‍ ഇടിമൂഴിക്കല്‍ വരെയുള്ള 60 കിലോമീറ്റര്‍ പാതയ്ക്കാണ് 45 മീറ്റര്‍ വീതം സ്ഥലം ഏറ്റെടുക്കുന്നതിന് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ആറ് നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ കൂടി കടന്നുപോവുന്ന ഈ പാത നാല് യുഡിഎഫ് എംഎല്‍എമാരുടേയും രണ്ട് ഇടത് എംഎല്‍എമാരുടേയും മണ്ഡലങ്ങളില്‍ കൂടിയാണ്. ജില്ലാഭരണ കൂടത്തിന്റെ മുഴുവന്‍ ഉദ്യോഗസ്ഥ മേധാവികളേയും നൂറുകണക്കിന് പോലിസുകാരേയും ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ഇടതുസര്‍ക്കാര്‍ സ്ഥലമെടുപ്പ് സര്‍വേ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, പാത കടന്നുപോവുന്ന പ്രദേശങ്ങളിലെ നാല് യുഡിഎഫ് എംഎല്‍എമാര്‍ പോലും ഈ വിഷയം സഭയില്‍ ഉന്നയിക്കാന്‍ തയ്യാറാവാത്തതില്‍ വന്‍ പ്രതിഷേധമാണ് ഇവരുടെ പാര്‍ട്ടിക്കാരായ ഇരകള്‍ കൂടി പ്രകടിപ്പിക്കുന്നത്. ഭൂമി സര്‍വേയ്ക്കും ഏറ്റെടുക്കലിനുമുള്ള വിജ്ഞാപനം വന്ന് 22 ദിവസങ്ങള്‍ക്കു ശേഷമേ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂവെന്ന നിയമം പോലും കാറ്റില്‍ പറത്തിയാണ് കുറ്റിപ്പുറത്ത് ഭൂ സര്‍വേ നടത്തി സ്ഥലം ഏറ്റെടുത്ത് ഇരകളുടെ അടുക്കളയിലും വീടിനകത്തും കുറ്റിയടിച്ചിട്ടുള്ളത്. തങ്ങള്‍ക്ക് എത്ര സ്ഥലം നഷ്ടപ്പെടുമെന്നോ നഷ്ടപ്പെടുന്ന സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരമായി എത്ര രൂപ കിട്ടുമെന്നുമുള്ള യാതൊരു അറിവും ഇല്ലാത്തവരാണ് ദേശീയപാതയോരത്തെ സ്ഥലമുടമകള്‍. പൂര്‍ണമായും സ്ഥലം നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് യാതൊരു പദ്ധതിയും അധികൃതര്‍ ഉറപ്പാക്കിയിട്ടില്ല.
ഈ സഹചര്യത്തിലാണ് തിങ്കളാഴ്ച രാവിലെ സര്‍വേ സംഘത്തെ തടയുന്ന രീതിയിലുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് ഇരകളും ദേശീയപാത സമര സമിതിയും രംഗത്തുവന്നത്. എന്നാല്‍, നൂറുകണക്കായ പോലിസ് ഉദ്യോഗസ്ഥരെ റോഡിലിറക്കിവിട്ട് വാഹനങ്ങള്‍ തടഞ്ഞ് സമരത്തിനെത്തുന്നവരെ മടക്കി അയച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് തടസ്സമില്ലാതെ സര്‍വേ നടത്തി കുറ്റിയടിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഭരണാധികാരികള്‍ ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ നിര്‍ത്തിവച്ച സര്‍വേ ജോലികള്‍ ഇന്നലെ രാവിലെ ഏഴിന് തന്നെ പുനരാരംഭിച്ചു.
ഡസന്‍ കണക്കിന് പോലിസ് വാഹനങ്ങളും സംഘര്‍ഷമുണ്ടായാല്‍ നേരിടാനുള്ള ജലപീരങ്കിയുള്‍പ്പെടെയുള്ള സജീകരണങ്ങളും വന്‍ പോലിസ് സന്നാഹങ്ങളും ഇന്നലെയും സര്‍വേ സംഘത്തിന് സംരക്ഷണം നല്‍കാനുണ്ടായിരുന്നു. ദേശീയപാത സമരസമിതി തിങ്കളാഴ്ച യോഗം ചേര്‍ന്ന് പാത കടന്നുപോവുന്ന പ്രദേശങ്ങളിലെ എംഎല്‍എമാരുടെ വീടുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എവിടേയും അത്തരമൊരു പ്രതിഷേധം നടന്നിട്ടില്ല.

RELATED STORIES

Share it
Top