നിയമവിരുദ്ധമായി ഫോഴ്‌സ് രൂപീകരിച്ചതിന് ജോര്‍ജിനെതിരേ നടപടി വേണം: കാനം

കോട്ടയം: നിയമവിരുദ്ധമായി പ്രത്യേക ഫോഴ്‌സ് രൂപീകരിച്ചതിന് എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെതിരേ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കാനാവില്ലെന്നാണ് പറയുന്നത്. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ കൊണ്ടുവന്ന പോലിസ് ആക്ട് പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. ഈ നിയമം ലംഘിച്ചാണ് എ വി ജോര്‍ജ് എസ്പിയായിരിക്കെ ടൈഗര്‍ഫോഴ്‌സ് രൂപീകരിച്ചത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ച സംഭവത്തില്‍ ജോര്‍ജിനെതിരേ നടപടി ഉണ്ടാവണം. കൂടാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനും കര്‍ശന നടപടിയെടുക്കണം. പോലിസ് സര്‍ക്കാരിനു കളങ്കമുണ്ടാക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്യാംപ് ഫോളോവേഴ്‌സിനെ അടുക്കളജോലിക്കാരാക്കരുതെന്ന് കോടിയേരി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവര്‍ത്തിച്ചു. എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരോ തുടര്‍ന്നു വന്ന സര്‍ക്കാരോ ഈ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top