നിയമവാഴ്ച പ്രതിസന്ധിയില്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സമ്മേളനത്തിരക്കിനിടയില്‍ കണ്ണൂരില്‍ നിന്ന് ഒരു 23കാരി എഴുതിയ കത്തിലെ വരികള്‍ കേള്‍ക്കൂ: ''ഞങ്ങളുടെ ഇക്ക ആ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്; അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?''
മട്ടന്നൂരില്‍ സിപിഎമ്മുകാര്‍ കൊല ചെയ്ത ശുഹൈബിന്റെ സഹോദരി സുമയ്യയുടെ കത്തിലെ വാചകമാണിത്. കത്തിനോട് മുഖ്യമന്ത്രി പ്രതികരിക്കുമോ, എങ്ങനെ പ്രതികരിക്കും എന്നതൊക്കെ കാത്തിരിക്കേണ്ട കാര്യങ്ങള്‍. രാഷ്ട്രീയ കൊലപാതകം സിപിഎം അംഗീകരിക്കുന്നില്ലെന്നു പറയുമ്പോള്‍ കൊലപാതകത്തിന് ഇരയായവരോടുള്ള ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും നയം എന്തെന്നതാണു യഥാര്‍ഥ പ്രശ്‌നം. പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ കൊലപാതകത്തെ വാക്കുകളിലൂടെ അപലപിച്ചു. സാങ്കേതികമായി അതു ശരിയാണ്. ആത്മാര്‍ഥമായോ സത്യസന്ധമായോ മാനുഷികമായോ, കൊല്ലപ്പെട്ട യുവാവിനോടോ കുടുംബത്തോടോ പാര്‍ട്ടി ഇതുവരെ പ്രതികരിച്ചില്ല.
മറ്റു പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായി ജനാധിപത്യ കേന്ദ്രീകരണ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ മുകളില്‍ നിന്നു കെട്ടിപ്പടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെ ക്രിമിനലുകളും കൊലയാളികളും വാടകക്കൊലയാളികളും അതിന്റെ ഭാഗമാവുന്നുണ്ടെങ്കില്‍, രാഷ്ട്രീയ എതിരാളികളുടെ ജീവനെടുക്കുന്നുണ്ടെങ്കില്‍ നേതാക്കളുടെ അറിവും അനുവാദവുമില്ലാതെ അതു സാധ്യമല്ല. ഈ കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന രണ്ടുപേരും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ സെക്രട്ടറി പി ജയരാജനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ തന്നെ അതിനു സാക്ഷ്യമാണ്. താഴെതലത്തില്‍ ആലോചിച്ചു നടപ്പാക്കിയ കൊലപാതകമാണെങ്കില്‍പ്പോലും ജില്ലാ-സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പ്രതികളെ 24 മണിക്കൂറിനകം നിയമത്തിനു മുമ്പില്‍ എത്തിക്കാന്‍ കഴിയേണ്ടതായിരുന്നു.
അത്രയും കേന്ദ്രീകൃത സംഘടനാ അധികാരവും സംവിധാനവുമുള്ള പാര്‍ട്ടിയാണു സിപിഎം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കേരള പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വധിക്കപ്പെട്ട ചെറുപ്പക്കാരന്റെ മാതാപിതാക്കള്‍ക്കു വിലപിക്കേണ്ടിവരുമായിരുന്നില്ല; സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടതായും. കണ്ണൂരില്‍ കെ സുധാകരന്റെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന് രണ്ടാം ഊഴവും യാഥാര്‍ഥ്യമാവുമായിരുന്നില്ല.
ചെകുത്താനും കടലിനുമിടയില്‍ പെട്ടാലുള്ള അവസ്ഥയില്‍ കുടുങ്ങിയിരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഒരുവശത്തും പാര്‍ട്ടി മറുവശത്തുമായി എത്തിപ്പെട്ടിട്ടുള്ള പ്രതിസന്ധി. കൊലപാതകത്തില്‍ ബന്ധമില്ലെന്നു സിപിഎം നേതാക്കള്‍ പറയുക, സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് പോലിസ് കണ്ടെത്തുക, പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുക, ബോധ്യപ്പെടാന്‍ പാര്‍ട്ടി അന്വേഷണം നടത്തട്ടെയെന്ന് ജില്ലാ സെക്രട്ടറി പറയുക, പ്രതികളെ കണ്ടെത്തേണ്ടത് പോലിസിന്റെയും കുറ്റവാളികളാണോയെന്ന് കണ്ടെത്തേണ്ടത് കോടതിയുടെയും ചുമതലയാണെന്ന് സംസ്ഥാന സെക്രട്ടറിക്ക് തിരുത്തേണ്ടിവരുക. ശുഹൈബ് വധക്കേസിലെ വൈരുധ്യങ്ങള്‍ നാള്‍ക്കുനാള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്.
കണ്ണൂര്‍ ജില്ലയിലും ഒഞ്ചിയത്തും സിപിഎം ആസൂത്രണം ചെയ്തു നടപ്പാക്കിപ്പോന്ന കൊലപാതകങ്ങളുമായി കണ്ണിചേര്‍ക്കപ്പെട്ടതാണ് ശുഹൈബ് വധം. അതുകൊണ്ടാണ് തള്ളിപ്പറയാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടിയോട് അതു വീണ്ടും അള്ളിപ്പിടിച്ചുനില്‍ക്കുന്നത്; ഡമ്മിപ്രതികളെ തരുമെന്നും പാര്‍ട്ടി സഹായിക്കുമെന്നും പിടിയിലായ പ്രതികളും അവരുടെ വീട്ടുകാരും പരാതിപ്പെടുന്നത്.
ടി പി ചന്ദ്രശേഖരനെ കൊല്ലിച്ച ഗൂഢാലോചനക്കാരെ സംബന്ധിച്ച അന്വേഷണം ഗതികിട്ടാപ്രേതമായി മാറിയത് ഇതേ സ്ഥിതിവിശേഷത്തിലാണ്. അരിയില്‍ ഷുക്കൂര്‍ മുതല്‍ പിന്നീടു നടന്ന കൊലപാതകങ്ങളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയടക്കം പ്രതിയായ സാഹചര്യവും ഈ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. കൊലപാതകം തടയാനും കൊല നടത്തിയവരെ പിടികൂടാനും പോലിസ് വകുപ്പിന് ബാധ്യതയുണ്ട്. ശുഹൈബിന്റെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കാന്‍ യുഡിഎഫ് ഒന്നടങ്കം രംഗത്തുണ്ട്. കണ്ണൂരില്‍ കെ സുധാകരന്‍ രാഷ്ട്രീയ പുനര്‍ജന്മം കൊടുത്ത ഈ സംഭവം സിപിഎമ്മിനെ വലിയ രാഷ്ട്രീയ പ്രതിരോധത്തിലേക്ക് തള്ളിയിരിക്കയുമാണ്. വേണ്ടിവന്നാല്‍ ഇടപെടാന്‍ കേന്ദ്ര ഗവണ്‍മെന്റുണ്ട്; കോടതിയും സിബിഐയുമുണ്ട്.
ഇതൊക്കെ വ്യക്തമായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ കൊലയാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലിസിനും സിപിഎമ്മിനും കഴിയാതെപോയി. പുറത്ത് ജനാധിപത്യം പറയുകയും ഫാഷിസ്റ്റുകളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്തുപോന്ന കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയമായ അധഃപതനമാണ് ഇതിലേക്കെത്തിച്ചത്. ഒന്നരപ്പതിറ്റാണ്ടിലേറെ പാര്‍ട്ടിയുടെ സെക്രട്ടറിസ്ഥാനത്തിരുന്ന പിണറായി വിജയനും അഞ്ചു വര്‍ഷം ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
പാര്‍ട്ടിയുടെ സംഘടനാപരമായ കരുത്തും സ്വാധീനശക്തിയും ഉപയോഗിച്ച് കൊലയാളികളെ സംരക്ഷിക്കുകയും നിയമത്തിനു മുമ്പില്‍ നിന്ന് രക്ഷിക്കുകയും ചെയ്തുപോന്നത് ഇനി മുന്നോട്ടു കൊണ്ടുപോവാന്‍ പ്രയാസമായ രാഷ്ട്രീയസാഹചര്യങ്ങളിലാണ് സിപിഎം എത്തിച്ചേര്‍ന്നിട്ടുള്ളത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ വികസിപ്പിക്കുകയെന്ന അജണ്ട മുന്നോട്ടുവച്ച സംസ്ഥാന സമ്മേളനത്തിലാണ് സ്വന്തം അടിത്തറ ഇളകുന്നത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്. പോരാ, അടിത്തറ തകര്‍ന്നു ദുര്‍ബലമായ യുഡിഎഫിനെ അപ്രതീക്ഷിതമായി ശക്തിപ്പെടുത്തുന്ന നയങ്ങളും നടപടികളും തങ്ങളില്‍നിന്നുണ്ടായതില്‍ പകച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. ബിജെപിക്കെതിരേ വെല്ലുവിളി ഉയര്‍ത്തുന്നതിനു പകരം അവര്‍ക്കും കൂടുതല്‍ ഊര്‍ജം പകരുന്നതാണ് ഭരണതലത്തിലും രാഷ്ട്രീയതലത്തിലും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെന്നും അവര്‍ തിരിച്ചറിയുന്നു.
മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ജനങ്ങളോടാകെ തുല്യബാധ്യതയുള്ള ആളാണ് പിണറായി വിജയന്‍. ഓരോ പൗരന്റെ ജീവനും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ഭരണഘടന ഏല്‍പിച്ച ദൗത്യം നടപ്പില്‍വരുത്താന്‍ ബാധ്യസ്ഥനാണ് മുഖ്യമന്ത്രി. മറ്റു പാര്‍ട്ടികളില്‍പ്പെട്ട രക്തസാക്ഷികളുടെയും തന്റെ പാര്‍ട്ടിയുടെ രക്തസാക്ഷികളുടെയും എണ്ണവും തൂക്കവും നിര്‍ണയിക്കലല്ല മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായ ചുമതല; എന്തു കാരണത്താലായാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ അമര്‍ച്ച ചെയ്യുമെന്ന് ഉറപ്പുവരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ്.
അല്ലാത്തപക്ഷം ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. അവരുടെ മുമ്പില്‍ തന്നെ ഒരനുഭവമുണ്ട്. 1972 മുതല്‍ 77 വരെ പശ്ചിമബംഗാളില്‍ അര്‍ധ ഫാഷിസ്റ്റ് ഭീകരാവസ്ഥയാണു സിപിഎം നേരിട്ടത്. 1977 ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 294 സീറ്റില്‍ 228ഉം നേടി അധികാരത്തില്‍ വന്നു. സിപിഎമ്മിന് സ്വന്തമായി 177 സീറ്റ് ലഭിച്ചു. രക്തസാക്ഷികളുടെ ത്യാഗത്തിന്റെ കൂടി ഉല്‍പന്നമായി വന്ന ഇടതുമുന്നണി ഗവണ്‍മെന്റ് 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നു. പക്ഷേ, രക്തസാക്ഷികള്‍ക്കുപോലും രക്ഷിക്കാനാവാതെ കഴിഞ്ഞ ഏഴു വര്‍ഷമായി ജനങ്ങളില്‍ നിന്ന് അകന്ന് പരാജയത്തിന്റെ കൂടാരത്തില്‍ പരസഹായം തേടി കഴിയുന്ന ദുരവസ്ഥയാണ് ഇപ്പോള്‍ പശ്ചിമബംഗാളിലെ പാര്‍ട്ടിക്ക്.
91 എംഎല്‍എമാരുടെ പിന്‍ബലത്തില്‍ അധികാരത്തിലെത്തിയ ഇടതുജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തലമറന്ന് എണ്ണതേച്ചാല്‍ രക്തസാക്ഷികള്‍ക്കു പോലും ഈ ഗവണ്‍മെന്റിനെ രക്ഷിക്കാനാവില്ലെന്ന് തിരിച്ചറിയേണ്ടത് സിപിഎം തന്നെയാണ്. പുള്ളിപ്പുലിയുടെ പുറത്തുകയറിയുള്ള സവാരി സിപിഎം അവസാനിപ്പിക്കുന്നില്ലെങ്കില്‍.
ഈ പോക്ക് കേരളത്തെ എവിടെയാണ് എത്തിച്ചിരിക്കുന്നതെന്ന് തിരിച്ചറിയേണ്ട സംഭവമാണ് അഗളിയിലുണ്ടായത്. മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവെന്ന് സംശയിച്ച് കാട്ടില്‍ നിന്നു പിടികൂടിയ നാട്ടുകാര്‍ മര്‍ദിച്ച് പോലിസില്‍ ഏല്‍പിച്ചു. മര്‍ദനം മൂലം യുവാവ് മരണപ്പെട്ടു. നിയമം കൈയിലെടുക്കാനും നടപ്പാക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന മനോനില സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. ഈ ദാരുണസംഭവം അതാണു തുറന്നുകാട്ടുന്നത്.                                             ി

RELATED STORIES

Share it
Top