നിയമവാഴ്ചയ്ക്ക് അഭിഭാഷകര്‍ തടസ്സം നില്‍ക്കരുത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: നിയമവാഴ്ച തകര്‍ക്കാന്‍ അഭിഭാഷകര്‍ കൂട്ടുനില്‍ക്കരുതെന്നു സുപ്രിംകോടതി. കഠ്‌വയില്‍ എട്ടു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കനുകൂലമായി അഭിഭാഷകര്‍ കഠ്‌വ കോടതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് എതിരായാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. കഠ്‌വ കേസില്‍ ഹാജരാവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷനില്‍ നിന്ന് തനിക്കു ഭീഷണിയുണ്ടെന്ന് ഇരകളുടെ അഭിഭാഷക ദീപിക സിങ് രാജവത് നേരത്തേ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ദീപികയെ കോടതിയില്‍ തടയുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ലെന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞു. വേറൊരു കേസുമായി ബന്ധപ്പെട്ടായിരുന്നു തങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഏതു കേസായാലും അത് ശരിയായ രീതിയില്‍ പോവാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു. അഭിഭാഷകര്‍ സമരമുറകളുമായി മുന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ല. ഇനി ഒരു കേസിലും ഇത്തരം നടപടികള്‍ ഉണ്ടാവരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു.
സംഭവത്തില്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരേ സുപ്രിംകോടതി നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷനുകള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ജമ്മുകശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ജമ്മു ആന്റ് കശ്മീര്‍, കഠ്‌വ ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവര്‍ഇന്നലെ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, മൂന്നു ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന കക്ഷികളുടെ മറുപടി കണക്കിലെടുത്ത കോടതി കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. സംഭവത്തെക്കുറിച്ചു പഠിക്കാന്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സംഘം സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും ഇതിനുശേഷം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര സുപ്രിംകോടതിയെ അറിയിച്ചു.
അതേസമയം, കേസ് സംസ്ഥാനത്തു നിന്ന് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശുഹൈബ് ആലം എതിര്‍ത്തു. ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top