നിയമനിര്‍മാണം ഏറെ ശ്രമകരമായ ദൗത്യം: ജസ്റ്റിസ് എബ്രഹാം മാത്യു

കൊച്ചി: ഇന്ത്യയില്‍ നിയമനിര്‍മാണം ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എബ്രഹാം മാത്യു. രാജ്യത്തെ രാഷ്ട്രീയസാമൂഹ്യ മതപരമായ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സംഘടിപ്പിച്ച ജിഎസ്ടി ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിലവില്‍ വരുന്നതിന് മുന്‍പ് രാജ്യത്ത് ഇരുപതോളം വ്യവസ്ഥകളുണ്ടായിരുന്നു. അതിനാല്‍ തന്നെ നികുതി രംഗത്ത് ഏകീകൃത നിയമം നടപ്പാക്കുന്നത് പ്രായോഗികമായിരുന്നില്ല. ജിഎസ്ടിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായി. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജിഎസ്ടി നടപ്പാക്കാന്‍ സാധിച്ചത്.
ഏകീകൃത നിയമം വരുന്നത് എപ്പോഴും നല്ലതാണ്. ഇന്ത്യ ഒറ്റ രാജ്യമായി നിലകൊള്ളുമ്പോള്‍ പലതരം നികുതിയേക്കാള്‍ നല്ലത് ഏകീകൃത നികുതി തന്നെയാണ്. ഇരുപതോളം വ്യവസ്ഥകള്‍ ഒറ്റ നിയമത്തിന് കീഴില്‍ കൊണ്ട് വന്ന് നടപ്പാക്കുകയെന്നത് ഏറെ ശ്രമകരമാണ്. ജിഎസ്ടിയെ കുറിച്ച് ഓരോരുത്തര്‍ക്കുമോരോ കാഴ്ചപ്പാടായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തിന് വിധേയരാകാന്‍ പൊതുവെ നാം മടി കാണിക്കുന്നവരാണെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. നടി പ്രയാഗ മാര്‍ട്ടിന്‍ മുഖ്യാതിഥിയായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു അധ്യക്ഷത വഹിച്ചു. കൊച്ചി കമ്മീഷണര്‍ കെ ആര്‍ ഉദയ്ഭാസ്‌കര്‍, ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ദാസ്, ഓഡിറ്റ് വിഭാഗം കമ്മീഷണര്‍ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വിന്‍ ജോണ്‍ ജോര്‍ജ് പങ്കെടുത്തു. മികച്ച സേവനം നല്‍കിയ നാല്‍പ്പതോളം ഉദ്യോഗസ്ഥര്‍ക്ക് ബഹുമതിപത്രം സമ്മാനിച്ചു.

RELATED STORIES

Share it
Top