നിയമനാംഗീകാരം തടഞ്ഞുവച്ചെന്ന്്; അധ്യാപിക കുത്തിയിരിപ്പു സമരം നടത്തി

താമരശ്ശേരി: നിയമനാംഗീകാരം തടഞ്ഞുവച്ചുവെന്നാരോപിച്ച് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നില്‍ അധ്യാപികയുടെ കുത്തിയിരിപ്പ് സമരം. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ കെ പി ഹേമലതയാണ് ഡി ഇ ഓഫിസിനു മുന്നില്‍ സമരം നടത്തുന്നത്. മറ്റൊരു അധ്യാപികക്ക് നിയമനാംഗീകാരം നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി തനിക്ക് അംഗീകാരം നല്‍കുന്നില്ലെന്നാണ് പരാതി.
2000 മുതല്‍ യുപി വിഭാഗത്തില്‍ അധ്യാപികയായ തന്നെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിയമിച്ചെങ്കിലും ജില്ലാ വിഭ്യാസ ഓഫിസര്‍ നിയമനാംഗീകാരം നല്‍കുന്നില്ലെന്നാണ് ആരോപണം. 2010 ലാണ് വിരമിക്കല്‍ ഒഴിവില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് നിയമനം നല്‍കിയത്. എന്നാല്‍ ഇതിന്നെതിരെ മറ്റൊരു അധ്യാപിക കോടതിയെ സമീപിച്ചതിനാല്‍ നിയമനാംഗീകാരം നല്‍കിയില്ല. 2015 ല്‍ പുതിയ തസ്തികയില്‍ നിയമനം നല്‍കിയെങ്കിലും 2012 ല്‍ മറ്റൊരു അധ്യാപികക്ക് നിയമനാംഗീകാരം നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിന്റെ പേരില്‍ തനിക്ക് ലഭിക്കേണ്ട അവകാശം നിഷേധിക്കുകയാണെന്ന് അധ്യാപിക പറയുന്നു.തനിക്ക് ലഭിക്കേണ്ട നിയമനാംഗീകാരം മറ്റൊരു അധ്യാപികക്ക് നല്‍കുകയും അത് നിയമ വിരുദ്ധമാണെന്ന് ഓഡിറ്റിങ് വിഭാഗം കണ്ടെത്തുകയും ചെയ്തതിന്റെ പേര്‍ വീണ്ടും അവകാശം നിഷേധിക്കുന്നുവെന്നാണ് ഹേമലത ആരോപിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിന് പറ്റിയ അബദ്ധത്തിന്റെ പേരില്‍ തന്നെ ബലിയാടാക്കുകയാണെന്നും അവകാശം നേടും വരെ സമരം തുടരുമെന്നും ഇവര്‍ പറയുന്നു.

കവിത സൗന്ദര്യവും ആകാംക്ഷയുമാണ്: കല്‍പറ്റ നാരായണന്‍ പയ്യോളി: കവിത സൗന്ദര്യവും ആകാംക്ഷയുമാണെന്നും കേവലം കുട്ടികളെ അഭിസംബോധന ചെയ്യുന്ന ബാലസാഹിത്യകൃതികളല്ല നമുക്കാവശ്യമെന്നും കവി കല്‍പറ്റ നാരായണന്‍. ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സര്‍ഗവസന്തം 2018 ത്രിദിന കവിതാക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേസമയം കുട്ടികളുടെ ജിജ്ഞാസയും ആകാംക്ഷയും ഉണര്‍ത്തുന്നതും മുതിര്‍ന്നവര്‍ക്ക് ഹൃദ്യമായി അനുഭവപ്പെടുന്നതും ആരേയും പുറത്തുനിര്‍ത്താത്തതുമായ ബാലസാഹിത്യകൃതികളായിരിക്കണം നമുക്കാവശ്യം. അത്ഭുതലോകത്തെ ആലീസിനെ പോലെ ഏവരേയും അഭിസംബോധന ചെയ്യുന്ന കൃതികള്‍ സൃഷ്ടിക്കാന്‍ ബാലസാഹിത്യകാരന്‍മാര്‍ ശ്രമിക്കണം. വംശമുദ്രയില്ലാത്ത, ജാതിമുദ്രയില്ലാത്ത, ജീവജാലങ്ങളില്‍ പെയ്തിറങ്ങുന്ന മഴ പോലെയാവണം കവിത എന്ന് സ്വന്തം കവിത ചൊല്ലി കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് അഡ്മിനിസ്—ട്രേറ്റീവ്  ഓഫിസര്‍ ആര്‍ മധു അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ സി ആര്‍ ദാസ്, ജാനമ്മ കുഞ്ഞുണ്ണി, കവി മാധവന്‍ പുറച്ചേരി, ക്യാംപ് ഡയറക്ടര്‍ വിനോദ് വൈശാഖി സംസാരിച്ചു.കല്‍പ്പറ്റ നാരായണന്‍, ശ്രീജിത്ത് പെരുന്തച്ചന്‍, മാധവന്‍ പുറച്ചേരി, സി ആര്‍ ദാസ്, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ഓളം കുട്ടികളാണ് ക്യാംപില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്. ഇന്ന് മണമ്പൂര്‍ രാജന്‍ ബാബു(കവിതയും ജീവിതവും) ,പി പി ശ്രീധരനുണ്ണി (കവിതയുടെ രചനാതന്ത്രം) എന്നിവര്‍ ക്ലാസുകളെടുക്കും. യോഗ, കരകൗശല നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കും.

RELATED STORIES

Share it
Top