നിയമനം വൈകുന്നതില്‍ വ്യാപക പ്രതിഷേധം

കരുവാരകുണ്ട്:  പുന്നക്കാട് ബഡ്‌സ് സ്‌കൂളില്‍ ടീച്ചറെയും ആയയെയും നിയമിക്കാന്‍ കഴിഞ്ഞ ബോര്‍ഡ് എടുത്ത തീരുമാനം അകരണമായി നീട്ടിക്കൊണ്ടുപോവുന്നതില്‍ ബഡ്‌സ് സ്‌കൂള്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ഭവനമ്പറമ്പ് പാലിയേറ്റിവിനോട് ചേര്‍ന്ന് മാനസിക ശാരീരിക വെല്ലുവിളി ഉയര്‍ത്തുന്ന വിഭാഗം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ബഡ്‌സ് സ്‌കൂള്‍. ഇവിടെ അമ്പതോളം കുട്ടികള്‍ പ്രവേശനം നേടുകയും 25ലധികം കുട്ടികള്‍ സ്ഥിരമായി സ്‌കൂളിലെത്തുകയും ചെയ്യുന്നു. എന്നാല്‍, ഇവിടെ ഒരു സ്‌പെഷല്‍ സ്‌കൂള്‍ ടീച്ചറും ഒരു ആയയും മാത്രമേ ഉള്ളൂ. ഈ സ്‌കൂളിന് സ്വന്തമായി വാഹനമില്ല. സര്‍ക്കാര്‍ അനുമതിയോടെ കഴിഞ്ഞ ബോര്‍ഡ് വാഹനം വാടകയ്ക്ക് എടുത്ത് നല്‍കിയതോടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലെത്താന്‍ തുടങ്ങി. സ്‌കൂളില്‍ എല്ലാ ദൈനംദിന ആവശ്യങ്ങള്‍ക്കും ഗ്രാമപ്പഞ്ചായത്ത് പദ്ധതിയില്‍ പണം വകയിരുത്തി നല്‍കി വരുന്നുണ്ട്. എന്നാല്‍, ഒന്‍പത് കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്നാണ് മാര്‍ഗരേഖപ്രകാരം പറയുന്നത്. ആയയെ കൂടാതെ ഭക്ഷണം പാചകം ചെയ്യാന്‍ ഒരാളെ കൂടി നിയമിക്കണം. ഈ കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പരിഗണനയും പരിപാലനവും ആവശ്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ ബോര്‍ഡ് അടിയന്തരമായി ഈ കുട്ടികള്‍ക്കുവേണ്ടി ടീച്ചറെയും ആയയെയും നിയമിക്കാന്‍ തീരുമാനമെടുത്തത്. രണ്ടുതവണ തീരുമാനമെടുത്തിട്ടും നടപ്പാക്കുന്നതിനെതിരേ ചില മെംബര്‍മാര്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ യോഗ്യത നോക്കാതെ നിയമിക്കാനാണെത്രെ വൈകിപ്പിക്കുന്നത്. ഇത് വ്യാപകമായ ആക്ഷേപത്തിന്ന് കാരണമായിട്ടുണ്ട്. പുതിയ പ്രസിഡന്റ് നേരിട്ട് ഐസിഡിഎസിനോട് നിയമിക്കാന്‍ ആവശ്യപ്പെട്ട് ഇന്റര്‍വ്യൂ തിയ്യതി നിശ്ചയിച്ചിട്ട് പോലും നിയമനം നടക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

RELATED STORIES

Share it
Top