നിയമത്തിന്റെ കുതിരക്കണ്ണുകള്‍

അവകാശങ്ങള്‍  നിഷേധങ്ങള്‍ - ബാബുരാജ്  ബി  എസ്
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് സുരേഷ്. 2017 സപ്തംബര്‍ 26നു വിജിലന്‍സ് ഓഫിസിലെ അസിസ്റ്റന്റ് ക്ഷേത്രത്തിലെത്തി സുരേഷിനോട് ജപിച്ച ചരട് ആവശ്യപ്പെട്ടു. ചരടിന്റെ വിലയും ആരാഞ്ഞു. വില നിശ്ചയിച്ചിട്ടില്ലെന്നും ദക്ഷിണ സ്വീകരിക്കാറാണു പതിവെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം 20 രൂപ നല്‍കി ചരടു വാങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിനോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടു. ദേവസ്വത്തിന്റെ അറിവില്ലാതെ ഭക്തര്‍ക്ക് ജപിച്ച ചരടു നല്‍കിയെന്നായിരുന്നു ആരോപണം. മറുപടി നല്‍കിയെങ്കിലും ബോര്‍ഡ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. സുരേഷ് കോടതിയെ സമീപിച്ചു. ഗുരുവിനും പുരോഹിതനും ആദരവോടെ നല്‍കുന്നതാണ് ദക്ഷിണയെന്നും അതു കൈക്കൂലിയല്ലെന്നും സുരേഷ് വാദിച്ചു. 2011ലെ സമാനമായ കേസിലെ ഹൈക്കോടതി ഉത്തരവും എടുത്തുകാട്ടി. വാദം അംഗീകരിച്ച കോടതി സസ്‌പെന്‍ഷന്‍ റദ്ദാക്കി. ലളിതമായ ഒരു വ്യവഹാരമായി പുറത്തേക്കു തോന്നാവുന്നതാണ് ഈ കേസെങ്കിലും നമ്മുടെ നിയമവ്യവസ്ഥയും ഉദ്യോഗസ്ഥ സംവിധാനവും പുലര്‍ത്തിവരുന്ന ഔചിത്യക്കുറവായും ഇതു മനസ്സിലാക്കാവുന്നതാണ്.
നാം ഒരു നിയമവ്യവസ്ഥയ്ക്കു കീഴിലാണ് ജീവിക്കുന്നത്. ഇതിനര്‍ഥം നമ്മുടെ എല്ലാ സാമൂഹിക ഇടപെടലുകളും നിയമത്താല്‍ നിയന്ത്രിതമാണ് എന്നല്ല. അങ്ങനെയാണെന്ന ഒരു തോന്നല്‍ ഉണ്ടാവാമെങ്കിലും നിയമബാഹ്യമായ നിരവധി മേഖലകള്‍ നമുക്കുണ്ട്. നിയമങ്ങള്‍ പല സാഹചര്യങ്ങള്‍ക്കുള്ളിലാണു രൂപപ്പെടുന്നത്. പൊതുസമൂഹത്തിന്റെ ആവശ്യം, സാമൂഹിക ഉത്തരവാദിത്തം, സാമ്പത്തിക താല്‍പര്യം ഇതൊക്കെ കണക്കിലെടുക്കപ്പെടാം. പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന നിയമം പൊതുജനാരോഗ്യത്തിന്റെ പേരിലാണ് നിര്‍മിക്കപ്പെട്ടതെങ്കില്‍ സര്‍ഫാസി നിയമത്തിന്റെ ലക്ഷ്യം ബാങ്കിങ് രംഗത്തെ മൂലധന താല്‍പര്യമായിരുന്നു. നിയമത്തിന്റെ ഇത്തരം ദൗത്യങ്ങള്‍ സുതാര്യമാണെങ്കിലും മറ്റു ചിലത് അദൃശ്യമായി തുടരും, പലപ്പോഴും പരിഷ്‌കാരത്തിന്റെ പേരിലാണ് അവ ന്യായീകരിക്കപ്പെടുക.
പൗരനെ 'സംസ്‌കരിക്കാനും പുതുക്കാനു'മുള്ള ദൗത്യം സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണകര്‍ത്താക്കളും ഏറ്റെടുത്തു. അവര്‍ പൗരന്റെ ശീലങ്ങളെയും ജീവിതത്തെയും നിയമവ്യവസ്ഥയുടെ തുലാസില്‍ അളക്കാന്‍ തുടങ്ങി. സുരേഷിന്റെ കേസില്‍ സംഭവിച്ചത് അതാണ്. ഒരു ഹിന്ദു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദക്ഷിണ അഴിമതിയല്ല. പക്ഷേ, നിയമവ്യവസ്ഥയുടെ കുതിരക്കണ്ണിലൂടെ നോക്കുന്നവര്‍ക്ക് അത് അഴിമതിയും കൈക്കൂലിയുമാണ്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനങ്ങള്‍ തടയാനായി രൂപംകൊടുത്ത പോക്‌സോ ആദിവാസി യുവാക്കളെ ജയിലിലെത്തിച്ചതിന്റെ കഥകള്‍ നമുക്കറിയാം. സാമൂഹികാചാരം പിന്തുടര്‍ന്ന ആദിവാസി യുവാക്കളെ ഈ നിയമം കുടുക്കിയതെങ്ങനെയന്ന കഥ ഇതേ കോളത്തില്‍ നാം ചര്‍ച്ചചെയ്തിട്ടുണ്ട്. മതേതരവാദികളും നിര്‍മതവാദികളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അന്ധവിശ്വാസത്തിനെതിരേയുള്ള നിയമം ഏതൊക്കെ ദൈവങ്ങളെയാണ് ജയിലിലടയ്ക്കുകയെന്ന് കാത്തിരുന്നു കാണേണ്ടിവരും.
വാക്‌സിനെടുക്കാത്ത കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം തടയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കേള്‍ക്കുകയുണ്ടായി. പൊതുജനാരോഗ്യത്തെയും പൊതുവിദ്യാഭ്യാസത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന ഈ ചിന്ത മതേതര, ശാസ്ത്ര മൗലികവാദത്തിന്റെ അതിപരിഷ്‌കരണദൗത്യമായോ തീവ്രവാദമായോ മാത്രമേ കാണാനാവൂ. വാക്‌സിന്‍ മക്കള്‍ക്ക് നിഷേധിക്കുന്നവരെ പാഠംപഠിപ്പിക്കാനൊരുങ്ങുന്ന അധികാരികള്‍ ഫലത്തില്‍ നിഷേധിക്കുന്നത് വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടിയുടെ അവകാശത്തെയാണ്. നിയമപരമായ പ്രതികാരം എന്നല്ലാതെ ഇതിനെ എന്തു വിളിക്കണം?
ശുഹൈബ് വധക്കേസില്‍ കൊലയാളികള്‍ക്കെതിരേ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്ന കോടിയേരിയുടെ പ്രസ്താവന സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നതായാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഇസ്‌ലാം വിശ്വാസികളുടെ മതവിശ്വാസത്തെ ദേശീയതയ്ക്ക് എതിരു നിര്‍ത്തുന്ന പ്രവണത കുറേക്കാലമായി കാണുന്നു. യത്തീംഖാനകളില്‍ ചേര്‍ക്കപ്പെടുന്ന കുട്ടികളെ വിശേഷിപ്പിക്കാന്‍ കുട്ടിക്കടത്തെന്ന് ഉപയോഗിക്കുന്നവരുടെ മനോഭാവവും മറിച്ചല്ല. പ്രണയത്തിന് എതിരു നില്‍ക്കുന്ന രക്ഷിതാക്കളെ സദാചാര പോലിസെന്നു വിളിക്കുന്നതും കേട്ടു. പറഞ്ഞുവരുന്നത് നിയമവ്യവസ്ഥയ്ക്കു പുറത്തും നിരവധി വ്യവഹാരമേഖലകള്‍ മനുഷ്യനുണ്ടെന്നാണ്. അതിനര്‍ഥം നിയമങ്ങള്‍ വേണ്ടെന്നല്ല, ഔചിത്യം വേണമെന്നു മാത്രമാണ്. നിയമങ്ങള്‍ എഴുതുന്നത് കടലാസിലാണെങ്കിലും ഇടപെടുന്നത് സമൂഹത്തിലാണല്ലോ.                                  ി

RELATED STORIES

Share it
Top