നിയമത്തിനും നീതിക്കും എതിരായ വിധിഇസ്‌ലാം സ്വീകരിച്ച അഖിലയെന്ന ഹാദിയയെ സ്വന്തം താല്‍പര്യത്തിനും ഇച്ഛയ്ക്കും വിരുദ്ധമായി മാതാപിതാക്കളോടൊപ്പം വിടുകയും യുവതിയുടെ വിവാഹം റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിയമവൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. മുന്‍വിധിയും പക്ഷപാതിത്വവും നിറഞ്ഞതാണ് കോടതിയുത്തരവെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വസ്തുതകളും അതിന്റെ നാള്‍വഴികളും പരിശോധിക്കുമ്പോള്‍ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന നിഗമനത്തിനു തന്നെയാണ് മുന്‍തൂക്കം. ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഭരണഘടന പൗരനു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് വിധിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ബിഎച്ച്എംഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് പ്രായപൂര്‍ത്തിയായ അഖില സ്വമേധയാ ഇസ്‌ലാംമതം ആശ്ലേഷിക്കുന്നത്. തുടര്‍ന്ന് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം നടക്കവെ, മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച യുവതി തന്റെ വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് അത് അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഹാദിയയുടെ തുടര്‍ന്നുള്ള മതപഠനവും താമസവും ഹൈക്കോടതിയുടെ അനുമതി പ്രകാരം തന്നെയായിരുന്നു. രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്നാണ് കോടതി ഉത്തരവു പ്രകാരം ഹാദിയയെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. അസ്വാഭാവികമായൊന്നും ഇല്ലെന്നായിരുന്നു പെരിന്തല്‍മണ്ണ ഡിവൈഎസ്പി റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതു മാത്രമല്ല, ഒരു യുവാവുമായുണ്ടായ ഹാദിയയുടെ വിവാഹം മാതാപിതാക്കളുടെ സാന്നിധ്യത്തിലോ ഇടപെടലിലൂടെയോ അല്ല നടന്നതെന്നു പറഞ്ഞ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതിനു പോലും വിലക്കില്ലാത്ത നാട്ടിലാണ് ഇങ്ങനെയൊരു വിധി വരുന്നത്. കേസിന്റെ മെറിറ്റിനേക്കാള്‍ ഉപരി മറ്റു ചില വിഷയങ്ങള്‍ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയില്‍ കടന്നുവന്നതായാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത്. കമിതാക്കള്‍ തമ്മിലുള്ള മിശ്രവിവാഹ കേസുകളില്‍ പോലും പെണ്‍കുട്ടിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കുന്ന നിരവധി കോടതി ഉത്തരവുകള്‍ നമുക്കു മുന്നിലുണ്ട്. അടിസ്ഥാനപരമായ വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കുന്ന ഈ വിധി ഗുരുതരമായൊരു അപകടസൂചനയാണ്. കാലുഷ്യം നിറഞ്ഞ സാമൂഹിക-രാഷ്ട്രീയ പരിതോവസ്ഥയില്‍ ഭരണഘടനാ തത്ത്വങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും നിയമവാഴ്ചയുടെയും കാവല്‍ക്കാരാവേണ്ട ന്യായാധിപന്മാര്‍ തന്നെ, നിയമത്തിനും നീതിക്കും വഴങ്ങാതെ വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയ്ക്കും വിശ്വാസ്യതയ്ക്കുമാണ് ഉലച്ചില്‍ തട്ടുന്നത്.

RELATED STORIES

Share it
Top