നിയമം വഴിമാറി സഞ്ചരിക്കുന്നു

മധ്യമാര്‍ഗം - പരമു
നിയമം നിയമത്തിന്റെ വഴിക്ക് പോവണമെന്നാണ് സത്യത്തിലും നീതിയിലും ജനാധിപത്യസംവിധാനത്തിലും വിശ്വസിക്കുന്ന ഏവരും ആഗ്രഹിക്കുന്നത്. നിയമം വഴിതെറ്റിപ്പോയാലോ? അതിനെ നേര്‍വഴിക്ക് തെളിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കണം. എന്നിട്ടും നിയമം വഴിമാറി സഞ്ചരിക്കുകയാണെങ്കിലോ? ഒരു രക്ഷയേയുള്ളൂ- സമരത്തിനിറങ്ങുക. ജനങ്ങളുടെ മുമ്പിലുള്ള ഏക പോംവഴി ഇതുമാത്രമാണ്. അതുകൊണ്ടാണ് നീതിയുടെ മുദ്രാവാക്യം ഉയര്‍ത്തി കര്‍ത്താവിന്റെ മണവാട്ടികള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പ്രാര്‍ഥിച്ചതുകൊണ്ടോ അപേക്ഷകള്‍ സമര്‍പ്പിച്ചതുകൊണ്ടോ പ്രസ്താവനകള്‍ ഇറക്കിയതുകൊണ്ടോ പ്രയോജനമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാം.
അധികാരപദവികളിലും സഭാതാക്കോല്‍സ്ഥാനങ്ങളിലും ശക്തമായ സ്വാധീനമുള്ളവരോടാണ് ഏറ്റുമുട്ടുന്നതെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവണം. കേരളത്തില്‍ നടക്കുന്ന കന്യാസ്ത്രീ സമരം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ അകമഴിഞ്ഞ പിന്തുണ സമരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നു. നിറഞ്ഞുനില്‍ക്കുന്ന വനിതാസാന്നിധ്യം തന്നെയാണ് സമരത്തിന്റെ മുഖ്യ സവിശേഷത. കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധറിലെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍മസമരം.
സഭയുടെ മേലധ്യക്ഷന്മാര്‍ക്ക് പരാതികള്‍ സമര്‍പ്പിച്ചിട്ടും കണ്ണടച്ചുപിടിക്കുകയും സംഭവം തേച്ചുമാച്ചുകളയാന്‍ പരിശ്രമിക്കുകയും ചെയ്തതിനെതിരേയുള്ള പ്രതിഷേധമാണ് അലയടിച്ചുയരുന്നത്. സഭാനേതൃത്വമാണെങ്കില്‍ സമരത്തെ തുടക്കത്തിലേ തള്ളിപ്പറഞ്ഞു. തിരുവസ്ത്രമണിഞ്ഞ് നിരത്തിലിറങ്ങിയതിനെ വിശ്വാസത്തിനെതിരേയുള്ള ഒന്നായി വ്യാഖ്യാനിക്കുകയും ചെയ്തു. സമരക്കാര്‍ സഭയെയും പള്ളികളെയും സഭാമേലധ്യക്ഷന്മാരെയും ദൈവത്തിനെ തന്നെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്ന വിധത്തിലുള്ള പ്രചാരണങ്ങളും അഴിച്ചുവിട്ടു. സഭയ്ക്കും വിശ്വാസികള്‍ക്കും കന്യാസ്ത്രീകള്‍ക്കും സമരങ്ങളും തെരുവിലിറങ്ങലും നിഷിദ്ധമാണെന്ന മട്ടിലാണു പ്രചാരണം നടന്നത്. ഇതിനു മുമ്പൊന്നും കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിട്ടില്ലെന്നവിധത്തിലുള്ള പ്രചാരവേല.
വാസ്തവത്തില്‍ കന്യാസ്ത്രീകളെ സമരം ചെയ്യാന്‍ പഠിപ്പിച്ചത് സഭയാണ്. ദൈവം അപകടത്തില്‍, പള്ളികള്‍ അപകടത്തില്‍, സഭ അപകടത്തില്‍ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് 1959ല്‍ നടത്തിയ സമരകോലാഹലം എങ്ങനെ മറക്കാന്‍ കഴിയും? കന്യാസ്ത്രീകള്‍ വടിയും കൊടിയും പ്ലക്കാര്‍ഡുകളുമായി കേരളത്തിലെ തെരുവുകളില്‍ പ്രകടനവും ധര്‍ണകളും നടത്തിയത് ചരിത്രത്തിന്റെ ഭാഗമല്ലേ? ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേയുള്ള വിമോചനസമരമായിരുന്നു അത്. അക്കാലത്ത് പ്രാര്‍ഥിക്കേണ്ട പള്ളികളില്‍ രാഷ്ട്രീയപ്രസംഗങ്ങള്‍ നടന്നില്ലേ? കൂട്ടമണികള്‍ അടിച്ചില്ലേ? പള്ളികളില്‍ നിന്ന് കുരിശു പിടിച്ച് ഘോഷയാത്ര പുറപ്പെട്ടില്ലേ? കുരിശുപള്ളിക്കു വേണ്ടിയുള്ള നിലക്കല്‍ സമരം സമീപകാലത്തു നടന്നതല്ലേ? അതും സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ സമരമാക്കി വളര്‍ത്തിക്കൊണ്ടുവന്നത് സഭയില്‍ തന്നെയുള്ള ചില പ്രമാണിമാര്‍. സര്‍ക്കാര്‍ വനങ്ങളില്‍ കുരിശുകൃഷി നടത്തി ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി കൈവശപ്പെടുത്തിയത് വേറെ. മെത്രാന്‍കക്ഷിയും ബാവകക്ഷിയും കത്തനാര്‍മാരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ച് പള്ളിപിടിത്തത്തിനും സെമിത്തേരി കൈയടക്കാനും നടത്തിയ കോലാഹലങ്ങള്‍. സഭയുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കാന്‍ തിരുവസ്ത്രമണിഞ്ഞ് തെരുവിലിറങ്ങാം. എന്നാല്‍, മണവാട്ടികള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അതു പറ്റില്ല. ഇതെന്തു ന്യായം?
പീഡന പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. വിഷയം കത്തിനില്‍ക്കുമ്പോഴാണ് പ്രളയം വന്നത്. പീഡനം അതില്‍ മുങ്ങിപ്പോയി എന്നു വിചാരിച്ചതാണ്. പക്ഷേ, കന്യാസ്ത്രീയും ബന്ധുക്കളും അവരോടൊപ്പം നിലകൊള്ളുന്ന വിരലിലെണ്ണാവുന്ന മണവാട്ടികളും പോരാട്ടം ശക്തിപ്പെടുത്തി. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ആദ്യഘട്ടങ്ങളില്‍ കണ്ടില്ലെന്നു നടിച്ച സംഭവമാണിത്. പല നേതാക്കന്മാരും പ്രതികരിക്കാന്‍പോലും സന്നദ്ധരായില്ല. ജനവികാരം സഭയ്ക്കും ബിഷപ്പിനും പോലിസിനും സര്‍ക്കാരിനും എതിരാണെന്നു തെളിഞ്ഞതോടെ പലരും മുന്നോട്ടുവരാന്‍ തുടങ്ങി. സഭയ്ക്കും ബിഷപ്പിനും മുമ്പില്‍ പോലിസ് മുട്ടുവിറച്ചുനിന്നതാണ് നാണക്കേടായിപ്പോയത്. ബിഷപ്പിനെ തൊട്ടാല്‍ തങ്ങള്‍ക്ക് സമുദായത്തിന്റെ വോട്ട് നഷ്ടപ്പെടുമോ എന്നതാണ് രാഷ്ട്രീയക്കാരുടെ പേടി.
ഇരയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പി സി ജോര്‍ജ് വന്നതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാകാലത്തും തിന്മയുടെ ഭാഗത്ത് നിലയുറപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നിയമസഭാ സാമാജികന്റെ പെരുമാറ്റത്തെ പറ്റി പരിശോധിക്കേണ്ട വിഷയമാണിത്. നിയമസഭാ എത്തിക്‌സ് കമ്മിറ്റി നടപടി എടുത്തേ മതിയാവൂ. ി

RELATED STORIES

Share it
Top