നിയമം ലംഘിച്ച് നടുറോഡില്‍ ഡിവൈഎഫ്‌ഐ പരിപാടി

കണ്ണൂര്‍: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നടുറോഡില്‍ ടെന്റിട്ട് ഡിവൈഎഫ്‌ഐയുടെ പൊതുയോഗം. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യൂ വധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ വര്‍ഗീയത തുലയട്ടെ എന്ന പേരിലുള്ള ചുവരെഴുത്ത് പരിപാടിയാണ് വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിച്ചു നടത്തിയത്. സ്റ്റേഡിയത്തിന് മുന്‍വശത്തെ കണ്ണൂര്‍ ജില്ലാ വെറ്ററിനറി ആശുപത്രിക്കു സമീപം റോഡ് വീതികൂട്ടിയ സ്ഥലത്ത് മൂന്നു താല്‍ക്കാലിക ടെന്റുകള്‍ സ്ഥാപിച്ചായിരുന്നു പൊതുയോഗം.
ടെന്റിന്റെ പകുതിയോളം ഭാഗം റോഡിലായതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ ഏറെ പ്രയാസപ്പെട്ടു. പാതയോര പൊതുയോഗത്തിനെതിരേ കോടതി രംഗത്തെത്തിയ ശേഷം ചെറിയ പ്രതിഷേധ പ്രകടനങ്ങളില്‍ പോലും പോലിസ് നിയമനടപടിയെടുക്കുമ്പോഴാണ് പൂര്‍ണമായും നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഡിവൈഎഫ്‌ഐ പരിപാടി നടത്തിയത്.
വൈകുന്നേരമായതിനാല്‍ നിരവധി യാത്രക്കാരാണ് ഈ സമയം നടന്നുപോവുന്നത്. മഹാരാജാസ് സംഭവത്തിന്റെ മറവില്‍ ജില്ലയിലെ മുസ്്‌ലിം പ്രദേശങ്ങളില്‍ ഭീതിപരത്തി പരിശോധന നടത്തുന്ന പോലിസുകാര്‍ പക്ഷേ ഡിവൈഎഫ്‌ഐയുടെ നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയാണെന്നാണ് ആക്ഷേപം.

RELATED STORIES

Share it
Top