നിയമം ലംഘിച്ചെത്തിയ ഗ്യാസ് ടാങ്കറുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു

തേഞ്ഞിപ്പലം: അപകടമേഖലയായ പാണമ്പ്ര വളവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ടാങ്കര്‍ ദുരത്തിന്റെ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ചെത്തിയ ബുള്ളറ്റ് ടാങ്കറുകള്‍ നാട്ടുകാര്‍ ചേളാരിയില്‍ തടഞ്ഞിട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് പത്തോളം ടാങ്കറുകള്‍ നാട്ടുകാര്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചത്.
എല്ലാ ടാങ്കറുകളിലും ഒരു ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അമിത വേഗതയുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ ആറു മണിക്ക് ശേഷം ടാങ്കറുകള്‍ ഓടരുതെന്ന നിയമവും ലംഘിച്ചിരുന്നു. പി എം മുഹമ്മദലി ബാബു, കെ ടി ജാഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചാണ് തടയല്‍. വിവരമറിയിച്ചതനുസരിച്ചെത്തിയ തേഞ്ഞിപ്പലം പോലീസ്, മൂന്ന് ടാങ്കറുകള്‍ക്കെതിരെ പിഴ ചുമത്തി.
പോലിസ് മുന്നറിയിപ്പും നല്‍കി. മംഗലാപുരത്ത് നിന്ന് ചേളാരി ഐഒസി പ്ലാന്റിലേക്ക് പാചക വാതകവുമായി എത്തിയതായിരുന്നു ടാങ്കറുകള്‍. ഡ്രൈവര്‍മാര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെ മാത്രമാണ് ടാങ്കര്‍ ഓടാന്‍ പാടുള്ളൂ എന്നാണു നിയമമെങ്കിലും ചേളാരിയില്‍ 10 ടാങ്കറുകളും തടഞ്ഞത് രാവിലെ എട്ടു മണിക്ക് ശേഷമാണ്.
പാണമ്പ്രയില്‍ അപകടം നടന്ന് 24 മണിക്കൂര്‍ ആവും മുമ്പാണ് ടാങ്കറുകളുടെ ഈ നിയമ ലംഘനം. ഗ്യാസ് ടാങ്കറുകള്‍ നിയമം ലംഘിച്ച് ദേശീയ പാതയിലൂടെ ചീറി പായുന്നതായി ഇന്നലെ തേജസ് വാര്‍ത്ത നല്‍കിയിരുന്നു.നിയമം ലംഘിച്ച് ഓടുന്ന ടാങ്കറുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എസ്പിയും പറഞ്ഞിരുന്നു.

RELATED STORIES

Share it
Top