നിയമം കാറ്റില്‍ പറത്തി മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോ സര്‍വീസ്ഒലവക്കോട്: ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഉത്തരവിന് പാലക്കാട് നഗരത്തില്‍ പുല്ലുവില. ടൗണില്‍ സവാരി നടത്തുന്ന ഭൂരിഭാഗം ഓട്ടോറിക്ഷകളിലും മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നില്ല. വിരലിലെണ്ണാവുന്ന ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാര്‍ മാത്രമാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് സര്‍വീസ് നടത്തുന്നത്. മറ്റുള്ളവര്‍ അവര്‍ക്ക് തോന്നുന്ന ചാര്‍ജ് ചോദിച്ചു വാങ്ങുന്നതാണ് പാലക്കാട് നഗരത്തിലെ പതിവ്. അയല്‍ജില്ലകളായ മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ പോലും കൃത്യമായി മീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് മികച്ച സര്‍വീസ് നല്‍കുമ്പോള്‍ പാലക്കാട് മാത്രം ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് ഡ്രൈവര്‍മാര്‍ പെരുമാറുന്നത്. യാത്രക്കൂലിയുടെ പേരില്‍ ഏതെങ്കിലും യാത്രക്കാര്‍ തര്‍ക്കിച്ചാല്‍ അവരെ സംഘടിതമായി നേരിടാനുള്ള ഡ്രൈവര്‍മാരുടെ സംഘവും ഇവിടെയുണ്ട്. തര്‍ക്കിക്കാനും വഴക്കിടാനും ഭയന്ന് യാത്രക്കാരില്‍ അധികവും ചോദിക്കുന്ന കൂലി നല്‍കുകയാണ് പതിവ്.നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കൃത്യമായ ഫെയറുകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തി തോന്നിയതുപോലെ വാടക ഈടാക്കുന്നുണ്ട്. റെയില്‍ വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും എത്തുന്ന യാത്രക്കാരാണ് ഇവരുടെ ചൂഷണത്തിന് ഇരയാവുന്നത്. മിനിമം ചാര്‍ജിന്റെ കൂടെ അഞ്ചും പത്തും രൂപ അധികമായി ഈടാക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ യാത്രക്കാര്‍ പറയാത്തതും പാലക്കാടിന്റെ പ്രത്യേകതയാണ്. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും കൃത്യമായി മീറ്റര്‍ ചാര്‍ജില്‍ യാത്രചെയ്ത് ശീലമുള്ള യാത്രക്കാര്‍ മാത്രമാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെടുക. അത്തരം യാത്രക്കാരോട് മോശമായാണ് മിക്ക ഡ്രൈവര്‍മാരും പെരുമാറുന്നത്. പോലിസും മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരും സദാസമയവും നഗരത്തിലുണ്ടെങ്കിലും അവരൊന്നും ഇക്കാര്യത്തില്‍ ഇടപെടാറില്ല. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് മാത്രമല്ല നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതും കൂടുതലും ഓട്ടോറിക്ഷകളാണ്. നഗരത്തില്‍ എന്തും ആവാമെന്ന് മട്ടിലാണ് ചിലര്‍ സര്‍വീസ് നടത്തുന്നത്.

RELATED STORIES

Share it
Top