നിയന്ത്രണം വിട്ട മിനി ബസ് വെയ്റ്റിങ്ങ് ഷെഡ് ഇടിച്ചു തകര്‍ത്തു

കരുനാഗപ്പള്ളി:ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മിനി ബസ് നിയന്ത്രണം വിട്ട് വെയ്റ്റിങ്ങ് ഷെഡ് ഇടിച്ചു തകര്‍ത്ത ശേഷം താഴ്ചയിലേക്ക് ഇടിച്ചു നിന്നു. ഈ സമയം വെയ്റ്റിങ്ങ് ഷെഡിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഓടിമാറിയത് മൂലം കഷ്ട്ടിച്ച് രക്ഷപെട്ടു. ദേശീയപാത പള്ളിമുക്കിന് സമീപം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വവ്വാക്കാവില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് വാദ്യമേളക്കാരുമായി വന്ന മിനി ബസ് പള്ളിമുക്കിലെത്തിയപ്പോള്‍ മുന്‍പിലേക്ക് കുറുകെ കയറി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ വേണ്ടി സഡന്‍ ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോവുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ ബൈക്ക് യാത്രക്കാരന്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. ബസ്സിലുണ്ടായിരുന്ന വാദ്യമേളക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ വാദ്യമേള ഉപകരണങ്ങളും ബസ്സിന്റെ എന്‍ജിന്‍ ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു ലക്ഷത്തില്‍പരം രൂപയുടെ നഷ്ട്ടമുണ്ടായതായി വാഹന ഉടമ പറഞ്ഞു. ക്രെയിന്‍ കൊണ്ടുവന്നാണ് ബസ്സ് താഴ്ച്ചയില്‍ നിന്ന് റോഡിലേക്ക് കയറ്റിയത്. നാട്ടുകാരും പോലിസുമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top