നിയന്ത്രണം നിലനില്‍ക്കെ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം

കണ്ണൂര്‍: ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പലയിടത്തും കുഴല്‍ക്കിണര്‍ നിര്‍മാണം നിര്‍ബാധം തുടരുന്നു. പോലിസ്, റവന്യൂ ഉദ്യോഗസ്ഥരുടെ മൗനാനുവാദമാണ് ഇതിനു പിന്നില്‍. വരള്‍ച്ച പ്രതിരോധിക്കാനും ഭൂജലം സംരക്ഷിച്ചുനിര്‍ത്താനുമായി സ്വകാര്യ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമം 2005 ലെ 34 വകുപ്പ് (ജെ) പ്രകാരം മെയ് 31 വരെയാണ് നടപടി. പൊതുകുടിവെള്ള സ്രോതസ്സുകളില്‍നിന്ന് 30 മീറ്ററിനുള്ളില്‍ പുതിയതായി കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ പാടില്ല. എന്നാല്‍, വേനലിന്റെ കാഠിന്യം വര്‍ധിച്ചതാണ് മലയോര മേഖലയിലടക്കം നിര്‍മാണം വ്യാപിക്കാന്‍ കാരണം.
അതേസമയം, ഭൂഗര്‍ഭ ജലവകുപ്പ് കൃത്യമായി സര്‍വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതിന് തടസ്സമില്ല. സ്ഥലമുടമ പൂര്‍ണമായ മേല്‍വിലാസം, നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം, സര്‍വേ നമ്പര്‍, നിര്‍മിക്കുന്നതിന്റെ ആവശ്യം എന്നിവ വിശദീകരിക്കുന്ന അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണം.
പ്രദേശത്തെ വരള്‍ച്ചസാധ്യത വര്‍ധിക്കാനിടയില്ലെന്നു കണ്ടെത്തിയാല്‍ മാത്രമേ നിര്‍മിക്കാവൂ. എന്നാല്‍, വില്ലകളുടെയും റിസോര്‍ട്ടുകളുടെയും നിര്‍മാണം പുരോഗമിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കുഴല്‍ക്കിണര്‍ നിര്‍മാണം സജീവമാണ്.
ഗാര്‍ഹികാവശ്യങ്ങള്‍ക്ക് മാത്രമേ നിര്‍മിക്കാവൂ എന്ന നിര്‍ദേശം ലംഘിച്ചാണ് പ്രവൃത്തി. ഒന്നര എച്ച്പി അധികമുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതിയും വേണം. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോര്‍വെല്‍ കമ്പനികളാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
തൊഴിലാളികളെ കുത്തിനിറച്ച് ചീറിപ്പായുന്ന കുഴല്‍ക്കിണര്‍ നിര്‍മാണ വാഹനങ്ങള്‍ കാണാം. ഈ രംഗത്തെ അത്യാധുനിക യന്ത്രങ്ങള്‍ ഇവരുടെ പക്കലുണ്ട്. കൂടാതെ, സ്ഥിരം ബുക്കിങ് ഓഫിസുകളും ഏജന്റുമാരും. ഇവര്‍ക്ക് മൊത്തം ചെലവിന്റെ 20 ശതമാനം കമ്മീഷന്‍ ലഭിക്കും. പ്രദേശത്തെ പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കോഴയും നല്‍കും.
രാത്രികാല പരിശോധനയ്ക്കിടയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും പോലിസ് ഗൗനിക്കാറില്ല. രാവിലെയാകുമ്പോഴേക്കും കിണര്‍ കുഴിച്ച് അവര്‍ സ്ഥലംവിടും. കുഴിക്കാനുള്ള സമയക്കുറവും കുറച്ച് സ്ഥലവും തുറന്ന കിണര്‍ കുഴിക്കുന്നതു പോലുള്ള ചെലവും ഇല്ലെന്നതാണ് കുഴല്‍കിണറുകളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.

RELATED STORIES

Share it
Top