നിപാ: സ്്‌നേഹാദരത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതം- മേയര്‍

കോഴിക്കോട്: നിപാ വൈറസ് നിയന്ത്രണ വിധേയമാക്കിയ മന്ത്രിമാരടങ്ങുന്ന സംഘത്തിന് കോഴിക്കോടിന്റെ സ്്‌നേഹാദരം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കോര്‍പറേഷനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമെന്ന് മേയര്‍ . കോഴിക്കോട്ടെ പൗരാവലി കക്ഷി രാഷ്ട്രീയ ഭേദമെന്യേ തീരുമാനിച്ചതാണ് നിപാ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ നേതൃത്വപരമായ പങ്ക് വഹിച്ചവര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങ്. മേയര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായ കമ്മറ്റിയാണ് ഇതിന് രൂപീകരിച്ചത്. നിപാ വൈറസ് രോഗബാധ തടയുന്നതിന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ നടത്തിയ സേവനം സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ ഏകോപിതമായ പ്രവര്‍ത്തനമാണ് ഐക്യരാഷ്ട്രസഭയുടെയടക്കം അംഗീകാരം നേടാന്‍ ഇക്കാര്യത്തില്‍ സഹായിച്ചത്.
സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും ഇതില്‍ പ്രധാന പങ്ക് വഹിച്ചു. നിപാ വൈറസ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരത്തിന് കോര്‍പറേഷന്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് നിഷ്പക്ഷമതികള്‍ അംഗീകരിച്ചതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗത്തെ സഹായിക്കുന്ന കേന്ദ്ര സംഘത്തിന്റെ നിലപാടും പ്രശംസിക്കപ്പെട്ടതാണ്. ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇട നല്‍കാതെ സ്വീകരണം സംഘടിപ്പിക്കാനാണ് എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അവിടെ ഐക്യകണ്‌ഠേന അംഗീകരിച്ച വിഷയങ്ങളില്‍ തെറ്റായ തരത്തില്‍ പത്രപ്രസ്താവന നല്‍കുന്നത് നഗരത്തിലേയും ജില്ലയിലേയും ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നതുകൊണ്ട് അത്തരം നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് മേയര്‍  തോട്ടത്തില്‍ രവീന്ദ്രന്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top