നിപാ വൈറസ് പ്രതിരോധം: കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം

തിരുവനന്തപുരം: നിപാ വൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ കെ ശൈലജയെയും ആദരിച്ചു.
കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്രതലത്തില്‍ ലഭിക്കുന്ന വലിയ ബഹുമതിയായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നല്‍കിയ സ്വീകരണത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പരം പ്രയോജനകരമായ ഗവേഷണമേഖലകളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പര്യമുണ്ടെന്ന് സ്വീകരണയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌ഐവി വൈറസുകളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച റോബര്‍ട്ട് സി ഗാലോയുടെ നേതൃത്വത്തില്‍ നടന്ന ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുത്തു.
നിപാ വൈറസിനെ എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ അഭിപ്രായപ്പെട്ടു. ലോകജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന വിധത്തില്‍ പുതിയതരം വൈറസുകളും ബാക്റ്റീരിയകളും ഫംഗസുകളും രൂപംകൊള്ളുന്നുണ്ട്. പലതിനും ആവശ്യമായ പ്രതിരോധ കുത്തിവയ്പുകളോ മരുന്നുകളോ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. രോഗപകര്‍ച്ച വഴി കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ വൈറസ് ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നത് ഈ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെയാണ്.
തുടര്‍ന്നു നടക്കുന്ന ഗവേഷണങ്ങളിലും പരിശീലനപരിപാടികളിലും കേരളത്തില്‍ നിന്നുള്ള വിദഗ്ധര്‍ കൂടി പങ്കെടുക്കണമെന്ന് റോബര്‍ട്ട് സി ഗാലോ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ മലയാളിയായ ഡോ. എം വി പിള്ള, ഡോ. ശാര്‍ങ്ഗധരന്‍ പങ്കെടുത്തു.
അമേരിക്കയിലെ ഫൊക്കാന, ഫോമ തുടങ്ങിയ മലയാളി സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ എന്ന സ്ഥലത്തുള്ള മെറിലാന്‍ഡ് യൂനിവേഴ്‌സിറ്റിയുടെ ഭാഗമായാണ് ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. 1996ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഒരു ജനപ്രതിനിധിയെ ആദ്യമായാണ് ആദരിക്കുന്നത്.

RELATED STORIES

Share it
Top