നിപാ: കര്‍മ സേനയ്ക്ക് ആദരിക്കല്‍ ചടങ്ങില്‍ അവഗണന; പ്രതിഷേധം ശക്തം

പാലേരി: ചങ്ങരോത്ത്  സൂപ്പിക്കടയില്‍ നിപ ബാധിച്ച് കൂട്ട മരണമുണ്ടായപ്പോള്‍ മാതൃകാ പ്രവര്‍ത്തനം നടത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ പത്തംഗ കര്‍മ്മ സേനയെ പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് ആദരിക്കല്‍ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ ശക്തമായ പ്രതിഷേധം. നാട്ടുകാരും ജനവും ഒന്നടങ്കം ഭീതിയിലും അരക്ഷിതാവസ്ഥയിലുമായ ഘട്ടത്തില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പത്തംഗ കര്‍മ്മ സേനയെയാണ് ആദരിക്കല്‍ ചടങ്ങില്‍ അവഗണിച്ചത്.  മരണം നടന്ന വീട് സന്ദര്‍ശിക്കാന്‍ പോലും ആളുകള്‍ വൈമനസ്യം കാട്ടിയ വേളയില്‍ ഏവര്‍ക്കും ധൈര്യം പകര്‍ന്ന് രംഗത്തിറങ്ങിയത് ഈ കര്‍മ്മ സേനയായിരുന്നു.
മണിപ്പാലില്‍ നിന്നും, ആലപ്പുഴയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും വരുന്ന ഡോക്ടര്‍മാര്‍ക്കും വിദഗ്ദ സംഘങ്ങള്‍ക്കും രോഗം ബാധിച്ച മൂസ മൗലവിയുടെ വീടും പരിസരവും കാണിച്ചു കൊടുക്കുന്നത് ഉള്‍പ്പടെ വേണ്ട സഹായങ്ങള്‍ ചെയ്തത് ഈ സേനയാണ്. നിപ പകരുമെന്ന ഭയത്താല്‍ ഈ വീട്ടിലേക്ക് വഴി കാണിച്ച് കൊടുക്കാന്‍ പോലും  ആരും തയ്യാറായിരുന്നില്ല.
വവാലുകളെ പരിശോധനക്കായി പിടികൂടാന്‍ സഹായിച്ചതും കര്‍മ്മ സേനയിലെ വളണ്ടിയര്‍മാരായിരുന്നു. കണ്ണം പറമ്പ് ജുമാ മസ്ജിദില്‍ മൂസ മൗലവിയെ ഖബറടക്കാന്‍ ഡോക്ടര്‍മാരോടൊപ്പം നിയോഗിക്കപ്പെട്ടതും കര്‍മ്മ സേനയിലെ അംഗങ്ങളാണ്. റമദാന്‍ വ്രതമെടുത്ത് കൊണ്ടാണ് ഇവര്‍ ഈ സേവനമെല്ലാം ചെയ്തത്. വവ്വാലുകള്‍ കടക്കാതിരിക്കാന്‍ പ്രദേശത്തെ ഇരുനൂറോളം വീടുകളിലെ കിണറുകള്‍ വലയിട്ട്മൂടിയതും ഇവരുടെ നേതൃത്വത്തിലായിരുന്നു. ഇത്തരം സേവനം നേരില്‍ കാണാനിടയായ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ വളണ്ടിയര്‍ സേനയെ അഭിനന്ദിച്ചിരുന്നു.

RELATED STORIES

Share it
Top