നിപായ്ക്ക് പിന്നാലെ മഴക്കെടുതി; ഒടുവില്‍ എലിപ്പനിയും

കോഴിക്കോട്: ദുരിതങ്ങള്‍ക്ക് പിന്നാലെ ദുരിതംകൊണ്ട് പൊറുതി മുട്ടുകയാണ് കോഴിക്കോട് ജില്ല. സമീപ കാല ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം ഭയവിഹ്വലരാക്കിയ നിപായും നിരവധി പേരുടെ ജീവനും വീടും ഭൂമിയും ഇല്ലാതാക്കിയ താമരശ്ശേരി കരിഞ്ചോല ഉരുള്‍പൊട്ടലും തുടര്‍ന്ന് ആയിരങ്ങളെ വീട് വിട്ടോടാന്‍ നിര്‍ബന്ധിച്ച പേമാരിയും വെള്ളപ്പൊക്കവും ഒരു വിധം തരണം ചെയ്ത വരുന്നതിനിടയിലാണ് എലിപ്പനിയുടെ രൂപത്തില്‍ ജില്ലയില്‍ ദുരിതം പടര്‍ന്ന് പിടിക്കുന്നത്. കനത്ത മഴയില്‍ വെള്ളം കെട്ടിടക്കുകയും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിടങ്ങളില്‍ നിന്നാണ് കൂടുതല്‍ എലിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ഡസന്‍കണക്കിന് ആളുകള്‍ ചികില്‍സ തേടിയിട്ടുണ്ട്. പനി കൂടുതല്‍ പടരാതിരിക്കാന്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഹ്വാനം ചെയ്തു. ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും എലിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ പ്രത്യേകിച്ചും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. എന്നാല്‍ നാട്ടിലെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഇക്കാര്യം ഗൗരവത്തിലെടുക്കാത്ത ആളുകളുണ്ട്. എലിപ്പനി പ്രതിരോധത്തിന് കഴിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട് കയറി നല്‍കിയ ഗുളികപോലും എലിയെ കൊല്ലാനുള്ള വിഷഗുളികയാണെന്ന് ധരിച്ച് മാറ്റി വച്ചവരുണ്ടെന്ന് കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും കിടക്കകളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കോര്‍പറേഷന്‍ നീക്കം ചെയ്തിരുന്നു. എങ്കിലും വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മാലിന്യ നിര്‍മാര്‍ജനം ഇനിയും പൂര്‍ത്തിയാവാനുണ്ട്. ദുരിതാശ്വാസ ക്യാംപുകളാക്കിയ സ്‌കൂളുകളിലെ കക്കൂസ് മാലിന്യം ഉള്‍പ്പടെ നീക്കാനുള്ള പ്രവര്‍ത്തികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. നഗരത്തെ കൂടാതെ മുക്കം, കാരന്തൂര്‍, വാവാട്, ചാലിയം, പുത്തൂര്‍, കടലുണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്്്്്്്്. ജില്ലയില്‍ ഇതുവരെ നാലു ലക്ഷം എലിപ്പനി പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. പ്രതിരോധ മരുന്നുകള്‍ കഴിക്കുകയും വ്യക്തി, പരിസര ശുചിത്വം പാലിക്കുകയും ചെയ്ത്‌കൊണ്ടെ പടര്‍ന്ന് പിടിക്കുന്ന എലിപ്പനിയെ പ്രതിരോധിക്കാനാവുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top