നിപായ്ക്കു പിന്നാലെ സൂപ്പിക്കടയില്‍ കരിമ്പനി രോഗം

പേരാമ്പ്ര: കരിമ്പനി രോഗം പിടിപെട്ട കടിയങ്ങാട് സൂപ്പിക്കടയില്‍ എന്റമോളജി വിഭാഗം ഇന്നലെ നടത്തിയ പരിശോധനയില്‍ മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തി.
സോണല്‍ എന്റമോളജി യൂനിറ്റ് കോഴിക്കോട്, ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കോഴിക്കോട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും പരിശോധന നടത്തി. ഈ പ്രദേശത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം ഉള്ളതായി അധികൃതര്‍ പറഞ്ഞു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍. വളര്‍ച്ചയെത്തിയ ഈച്ചകളെ സാധാരണ ഗതിയില്‍ തേക്കാത്ത ചുവരുകളുടെ ചെറു സുഷിരങ്ങളിലും അട്ടിയിട്ട പലകളിലുമാണ് കണ്ട് വരുന്നത്.
അഞ്ച് സെന്റിമീറ്റര്‍ ദൂരത്തിലും ആറ് അടി ഉയരിലും മാത്രം സഞ്ചരിക്കുന്ന ഇവ പറക്കുന്നതിനു പകരം ചാടി ചാടിയാണ് സഞ്ചരിക്കുക. ഒന്നര മുതല്‍ രണ്ട് മാസം വരെയാണ് ഇവയുടെ ആയുസ്സ്. ഇവിടെ നിന്നും ശേഖരിച്ച മണലീച്ചകളെ കോട്ടയത്തെ വിസിആര്‍സിയില്‍ പരീക്ഷണ വിധേയമാക്കും.
അതിനു ശേഷമേ സൂപ്പിക്കട സ്വദേശിക്ക് കരിമ്പനി പിടിപെട്ടത് ഇവിടെയുള്ള മണലീച്ചകളില്‍ നിന്നു തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുുുള്ളു. സീനിയര്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന്റെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ എന്റമോളജിസ്റ്റുകളായ സി പി ബാലന്‍, എസ് ഷിഫ, വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ എം സി  രാമചന്ദ്രന്‍, എന്‍ കെ ജിമേഷ്, എ കെ ദീപ, കെ സഹീഫ് എന്നിവരുമുണ്ടായിരുന്നു.
ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജെഎച്ച്‌ഐ പി കെ യൂസഫ്, ഗ്രാമപ്പഞ്ചയത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ ടി സരീഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top