നിപായ്ക്കു പിന്നാലെ പേമാരി; ജില്ലയ്ക്കിത് ഇടവേളയില്ലാത്ത ദുരിതകാലം

കോഴിക്കോട്:  ജില്ലയ്ക്കിത് ഇടവേളകളില്ലാത്ത ദുരിത കാലം. നിപാ വൈറസ്് ഉണ്ടാക്കിയ ഭീതി വിട്ടുമാറും മുമ്പെ കാലവര്‍ഷത്തിനൊപ്പം ദുരന്തം കോഴിക്കോട്ടെത്തിയത് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍. താമരശ്ശേരി കട്ടിപ്പാറയ്ക്കടുത്ത് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടില്‍ ഇല്ലാതായത് വിലപ്പെട്ട ഏഴു ജീവനുകളാണ്. നിപാ ജാഗ്രതയുടെ ഭാഗമായി സമൂഹ നോമ്പുതുറകളുള്‍പ്പടെയുള്ള പൊതുകൂട്ടായ്മകളില്‍ നിന്ന് ഒഴിഞ്ഞ് നിന്നിരുന്ന ജനങ്ങളുടെ മേല്‍ ഇടിത്തീവീണപോലെയാണ് ഇന്നലെ ദുരന്തം പെയ്തിറങ്ങിയത്. പേരാമ്പയില്‍ നിപാ വൈറസ് ബാധിച്ച് 18ല്‍ 16 പേരും മരണത്തിന് കീഴടങ്ങിയപ്പോള്‍ ജില്ലയിലെ ജനങ്ങളൊന്നടങ്കം ഞെട്ടിത്തരിച്ച് നില്‍ക്കുകയായിരുന്നു. സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയും ജില്ലയിലെ മന്ത്രിമാരും മറ്റെവിടെയും പോവാതെ കോഴിക്കോട് ക്യാംപ് ചെയ്ത് നടത്തിയ ആസൂത്രിത പ്രതിരോധ പ്രവര്‍ത്തനം കാരണമാണ് വന്‍വിപത്തായി കത്തിപ്പടരുമായിരുന്ന വലിയൊരു പകര്‍ച്ചവ്യാധിയില്‍ നിന്ന്് ജനം രക്ഷപ്പെട്ടത്. സ്വജീവന്‍ പണയപ്പെടുത്തി ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പ്രവര്‍ത്തനങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രശംസിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ വിദഗ്ധ പരിചരണവും ഭാഗ്യവും തുണച്ചപ്പോള്‍ നിപ വൈറസ് ബാധിച്ചിരുന്ന രണ്ടുപേര്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഈ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് കാലവര്‍ഷത്തിനൊപ്പം കാലനും കലിതുള്ളിയെത്തിയത്. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത.്് താമരശ്ശേരിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കരിഞ്ചോലയില്‍ ദുരന്തമുണ്ടായത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ സമീപ പ്രദേശങ്ങളില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെങ്കുത്തായ മലമ്പ്രദേശമായ ഇവിടെ ഭൂമിയുടെ ആണിപോലെ നിലനില്‍ക്കുന്ന പാറകള്‍ തകര്‍ക്കുന്നതും ഇൗയടുത്ത കാലം വരെ ഉണ്ടായിരുന്ന മട്ടിമണല്‍ നിര്‍മാണവുമെല്ലാം പ്രദേശത്തെ പ്രകൃതി സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാണ്്്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ചമല്‍ കരിഞ്ചോലയില്‍ നിന്ന് എതാനും കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇവിടെയും സമാനമായ ഭൂപ്രകൃതിയാണ്. അശാസ്ത്രീയമായ പാറ ഖനനവും വീടുനിര്‍മിക്കാനും മറ്റും തോന്നും പോലെ മണ്ണെടുക്കുന്നതും ഈ പ്രദേശങ്ങളില്‍ പതിവാണ്. കട്ടിപ്പാറ, വേനപ്പാറ, പുല്ലൂരാമ്പാറ, കക്കയം മേഖലകളിലും ഇന്നലെ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. കക്കയം ടൗണിനടുത്താണ് ഉരുള്‍പൊട്ടിയത്. ബാലുശ്ശേരി മങ്കയത്തും കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ജില്ലയിലെ പ്രധാന നദികളായ ചാലിയാര്‍, ഇരുവഴിഞ്ഞി, ഇരുതുള്ളിപ്പുഴ, പൂനൂര്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ അറിഞ്ഞ ഉടന്‍ തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ശക്തമായ മഴയെ വകവയ്ക്കാതെ ദുരന്ത സ്ഥലങ്ങളിലെത്തി ജനങ്ങളെ ആശ്വസിപ്പിച്ചു. ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം താല്‍ക്കാലിക ഉണര്‍വ്വുകള്‍ക്ക് പകരം പ്രകൃതി നശിപ്പിക്കുന്ന ക്വാറി പ്രവര്‍ത്തനവും കുന്നിടിക്കലും തടയാന്‍ ശക്തമായ തുടര്‍നീക്കങ്ങളുണ്ടായില്ലെങ്കില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന ഭീതി ജനങ്ങളിലുണ്ട്.

RELATED STORIES

Share it
Top